Wed. Apr 24th, 2024

കണ്ണൂർ:

അഴീക്കലിൽ നിർമിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ഗ്രീൻ ഫീൽഡ് തുറമുഖത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. ഇതിൻറെ ഭാഗമായി കെ വി സുമേഷ് എംഎൽഎ, കലക്ടർ ടി വി സുഭാഷ് എന്നിവർ പദ്ധതി സ്ഥലം സന്ദർശിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പത്തുദിവസത്തിനകം പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദ്ദേശം നൽകി.

നടപടികൾ വേഗത്തിലാക്കാൻ കണ്ണൂർ തഹസിൽദാറുടെ നേതൃത്വത്തിൽ ജില്ലാസർവേ സൂപ്രണ്ട്, സീനിയർ പോർട്ട് കൺസർവേറ്റർ, തഹസിൽദാർ (എൽആർ) തുടങ്ങിയവർ ഉൾക്കൊള്ളുന്ന പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകി.നിലവിലുള്ള അഴീക്കൽ തുറമുഖത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് പുതിയ ഗ്രീൻഫീൽഡ് തുറമുഖം. അഴീക്കോട് പഞ്ചായത്തിലെ 85.7 ഏക്കറും മാട്ടൂൽ പഞ്ചായത്തിലെ 60.9 ഏക്കറും ഉൾപ്പെടെയുള്ള പദ്ധതി പ്രദേശത്ത് നേരത്തേ സർവേ നടപടികൾ പൂർത്തിയാക്കി തുറമുഖത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു.

തുറമുഖം സ്ഥാപിക്കുന്നതിന്‌ മുന്നോടിയായുള്ള മണ്ണ് പരിശോധനയും ഇതിനകം പൂർത്തിയാക്കി. കടലും വളപട്ടണം പുഴയും ചേരുന്ന മുനമ്പ് ഭാഗത്തിനടുത്തായാണ് പുതിയ അത്യാധുനിക ഗ്രീൻ ഫീൽഡ് തുറമുഖം സ്ഥാപിക്കുക. അഴീക്കലിൽ പുതിയ തുറമുഖ നിർമാണത്തിനായി സംസ്ഥാന സർക്കാർ മലബാർ ഇന്റർനാഷനൽ പോർട്ട് ആൻഡ്‌ സെസ് ലിമിറ്റഡ് എന്ന പേരിൽ നേരത്തേ കമ്പനി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. പുതിയ പദ്ധതി പ്രദേശം അഴിമുഖത്തോട് ചേർന്നുകിടക്കുന്നതിനാൽ ആഴക്കുറവ് പ്രശ്‌നമാവില്ലെന്നത് അനുകൂല ഘടകമാണ്. ഈ ഭാഗത്ത് ഏഴുമുതൽ 12 വരെ മീറ്റർ ആഴമുള്ളതിനാൽ വലിയ കപ്പലുകൾക്കുവരെ അനായാസം അടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീൻ ഫീൽഡ് തുറമുഖ പദ്ധതിക്കായി 3698 കോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയിരുന്നു.അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ജില്ലാ സർവേ സൂപ്രണ്ട് രാജീവൻ പട്ടത്താരി, സീനിയർ പോർട്ട് കൺസർവേറ്റർ അജിനേഷ് മാടങ്കര, കണ്ണൂർ തഹസിൽദാർ സി വി പ്രകാശൻ, എൽആർ തഹസിൽദാർ വി വി രാധാകൃഷ്ണൻ, കണ്ണൂർ ഡെപ്യൂട്ടി തഹസിൽദാർ കെ വി ഷാജു തുടങ്ങിയവരും സംഘത്തിലുണ്ടായി.