കോഴിക്കോട്:
പി ടി ഉഷയുടെ പരാതി പരിഹരിക്കാൻ ബിഎസ്എൻഎൽ ഓടിയെത്തിയത് ഉസൈൻ ബോൾട്ടിൻറെ വേഗത്തിൽ. പയ്യോളിയിലെ വീട്ടിലെ ലാൻഡ്ഫോണും ഇന്റർനെറ്റും മാസങ്ങളായി തകരാറിലാണെന്നും ഒട്ടേറെ പരാതികൾ നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നും ഉഷ ഇന്നലെ രാവിലെ ട്വീറ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇങ്ങനെയാണെങ്കിൽ 1980 മുതൽ താൻ ഉപയോഗിക്കുന്ന നമ്പർ ഒഴിവാക്കേണ്ടി വരുമെന്നും ഉഷ ട്വിറ്ററിൽ കുറിച്ചു.
ട്വിറ്ററിൽ അപ്പോൾ തന്നെ ബിഎസ്എൻഎൽ മാപ്പ് പറഞ്ഞു. തുടർന്ന് ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥരും ഉഷയെ വിളിച്ചു. പിന്നീട് കാര്യങ്ങളെല്ലാം ശരവേഗത്തിലായിരുന്നു.
മാസങ്ങളായി തകരാറിലായിരുന്ന ഫോൺ ഇന്നലെ വൈകുന്നേരത്തിനു മുൻപ് ബിഎസ്എൻഎൽ ജീവനക്കാരെത്തി ശരിയാക്കി.പിന്നീട് ബിഎസ്എൻഎല്ലിനെ അഭിനന്ദിച്ച് ഉഷ ട്വീറ്റ് ചെയ്തു. ജീവനക്കാർക്കു നന്ദിയും പറഞ്ഞ് എല്ലാവർക്കും നൽകുന്ന സേവനങ്ങൾ മികച്ചതാകണമെന്ന അഭ്യർഥനയുമായാണ് ട്വീറ്റ് അവസാനിപ്പിച്ചത്.
ഇന്റർനെറ്റ് തകരാറിലാകുന്നതിനാൽ മകൻറെ ഓൺലൈൻ പഠനം നടക്കാതെ വന്നപ്പോഴാണ് ട്വീറ്റ് ചെയ്യാൻ ഉഷ തീരുമാനിച്ചത്. ഉഷയ്ക്കു വൈകാരികമായി ഏറെ അടുപ്പമുള്ള ഫോൺ നമ്പറാണിത്. വിവിധ സ്ഥലങ്ങളിൽ മത്സരങ്ങൾക്കായി പോകുമ്പോൾ അമ്മ വിളിച്ചിരുന്നത് ഈ നമ്പറിൽ നിന്നാണ്.
പ്രധാനമന്ത്രിമാർ വരെ അഭിനന്ദന സന്ദേശങ്ങളുമായി ഇതേ ഫോണിൽ വിളിച്ചിട്ടുണ്ട്. 1984ൽ ഒളിംപിക്സിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഉഷയ്ക്ക് റെയിൽവേയുടെ സഹായത്തോടെ എസ്ടിഡി, ഐഎസ്ഡി സൗകര്യം ഏർപ്പെടുത്തി നൽകി. അക്കാലത്ത് പയ്യോളിയിൽ എസ്ടിഡി സൗകര്യമുള്ള ഏക ഫോൺ ആയിരുന്നു ഉഷയുടെ വീട്ടിലേത്.