ഇരിട്ടി:
ആറളം ഫാമിൽ നിന്നു തുരത്തിയ കാട്ടാനക്കൂട്ടം തിരികെ എത്തി വീണ്ടും നാശം വിതയ്ക്കുന്നു. പാലപ്പുഴ കൂടലാട്ടെ യുവകർഷകൻ സാദത്തിൻറെ തോട്ടത്തിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി. 100 കുലച്ച വാഴകൾ നശിപ്പിച്ചു. ബാവലി പുഴ കടന്നാണ് ഇവ എത്തിയത്.
വനാതിർത്തിയിലുള്ള സ്ഥലം അല്ലെങ്കിൽ കൂടി ഒരു കൃഷിയും നടത്താനാകാത്ത സ്ഥിതിയിലാണു സാദത്ത്. നേരത്തെ ഇവിടെ പുൽക്കൃഷി നടത്തിയിരുന്നു. ഇതു മുഴുവൻ ആനക്കൂട്ടം നശിപ്പിച്ചതിനെ തുടർന്നാണ് 2000 വാഴകൾ നട്ടത്.ഇതും നശിപ്പിച്ചു തീർത്തു കൊണ്ടിരിക്കുകയാണ് ഇവ.
കൃഷി സംരക്ഷിക്കാൻ സ്ഥാപിച്ച മുള്ളുവേലിയും ആനകൾ തകർത്തു. ആറളം ഫാമിൽ നിന്നു ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന വഴിയിൽ ബാവലി പുഴ തീരത്താണ് സാദത്തിൻറെ കൃഷിയിടം. അതിനാൽ ജനവാസ കേന്ദ്രത്തിലേക്ക് എപ്പോൾ ഒക്കെ ആന എത്തിയാലും സാദത്തിൻറെ കൃഷിയിടം വെളുപ്പിക്കും. കഴിഞ്ഞ 3 ദിവസങ്ങളിൽ തുടർച്ചയായി ആന എത്തി. 2 തവണ നടത്തിയ കൃഷിയും നശിപ്പിച്ചകിലും ഒരു ആനുകൂല്യവും ഇതു വരെ ലഭിച്ചിട്ടില്ല.