തലശ്ശേരി:
പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ വ്യാപാരപ്രമുഖൻ കുയ്യാലി ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീ (68) നെ വ്യാഴാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കും. പോക്സോ കേസിൽ പ്രതിയായ ഷറഫുദ്ദീനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന ധർമടം പൊലീസിൻെറ ഹർജിയെ തുടർന്നാണ് നടപടി. റിമാൻഡിലായതിനെ തുടർന്ന് ജാമ്യത്തിനായി ഷറഫുദ്ദീൻ നൽകിയ ഹർജിയിലും ഇന്ന് കോടതി വിധി പറയും.
ജൂൺ 28ന് ഉച്ചയോടെയാണ് ധർമടം സിഐ അബ്ദുൽ കരീമിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ യുവതിയെ കണ്ടെത്താൻ പൊലീസ് മുഴപ്പിലങ്ങാട് മേഖലയിൽ റെയ്ഡ് നടത്തി. കൈക്കുഞ്ഞുമായിട്ടാണ് യുവതി ഒളിവിൽ പോയിട്ടുള്ളതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
കഴിഞ്ഞ മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കതിരൂർ പൊലീസ് അറസ്റ്റ്ചെയ്ത പ്രതിയും ഭാര്യയും ചേർന്ന് പെൺകുട്ടിയെ ധർമടത്തെ വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുവരുകയായിരുന്നു. പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാൻ കൂടെവരണമെന്നും പറഞ്ഞാണ് പ്രതികൾ പെൺകുട്ടിയെ സൂത്രത്തിൽ ഓട്ടോയിൽ കയറ്റിയത്. തുടർന്ന് തലശ്ശേരി കുയ്യാലിയിലെ ഷറഫുദ്ദീൻെറ വീട്ടിൽ എത്തിക്കുകയായിരുന്നു.