Fri. Nov 22nd, 2024

കോഴിക്കോട്:

പ്രകൃതിവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായുള്ള പൈപ് ലൈൻ സ്ഥാപിക്കലിൻറെ ആദ്യഘട്ടം പൂർത്തിയായി. ഉണ്ണികുളം മുതൽ കാരന്തൂർ വരെയുള്ള 24 കിലോമീറ്ററിൽ 8 ഇഞ്ച് വ്യാസമുള്ള പ്രധാന സ്റ്റീൽ പൈപ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തിയാണു പൂർത്തിയായത്. സുരക്ഷാനടപടികളുടെ ഭാഗമായി ഹൈഡ്രോ ടെസ്റ്റിങ് നടത്തുകയാണിപ്പോൾ.

ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ചുമതലയുള്ള ഇന്ത്യൻ ഓയിൽ– അദാനി ഗ്യാസ് കമ്പനിയാണ് പൈപ് ലൈൻ സ്ഥാപിക്കുന്നത്. കാരന്തൂർ മുതൽ കോഴിക്കോട് കോർപറേഷൻ വരെയാണ് രണ്ടാം ഘട്ട പൈപ്പിടൽ. 55 കിലോമീറ്ററാണ് രണ്ടാം ഘട്ട പൈപ് ലൈനുള്ളത്.

ഉണ്ണികുളം പഞ്ചായത്തിലാണു സിറ്റി ഗ്യാസ് പദ്ധതിക്കു തുടക്കമിടുന്നത്. ഇവിടുത്തെ 1200 വീടുകളിൽ പ്രകൃതിവാതകം (പൈപ്പ്ഡ് നാച്യുറൽ ഗ്യാസ്– പിഎൻജി) വിതരണം ചെയ്യാനാണു ലക്ഷ്യം. ഉണ്ണികുളം പഞ്ചായത്തിൽ 11 കിലോമീറ്റർ പൈപ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്. സിറ്റി ഗേറ്റ് സ്റ്റേഷൻ കമ്മിഷൻ ചെയ്യുന്നതോടെ പ്രകൃതിവാതകം വീടുകളിലെത്തി തുടങ്ങും. ബാലുശ്ശേരി, പനങ്ങാട് തുടങ്ങിയ പഞ്ചായത്തുകളിലെ വീടുകളിലും ഇതിനുശേഷം പ്രകൃതിവാതകമെത്തും.

കൊച്ചി– മംഗളൂരു ഗെയ്ൽ വാതക പൈപ് ലൈനിൽ നിന്നാണ് പ്രകൃതിവാതകം ജില്ലയിലെത്തുന്നത്. ഉണ്ണികുളം വഴിയാണ് ഗെയ്ൽ പൈപ് ലൈൻ കടന്നുപോകുന്നത്. പ്രകൃതിവാതകം വിതരണത്തിനായി ഇന്റർമീഡിയറ്റ് പിഗിങ് സ്റ്റേഷൻ, ഗെയ്‌ൽ ഉണ്ണികുളത്തു സ്ഥാപിക്കുന്നുണ്ട്. ഇതിൽ നിന്ന് വാതകം എടുത്താണ് ഇന്ത്യൻ ഓയിൽ– അദാനി ഗ്യാസ് കമ്പനി ജില്ലയിൽ വിതരണം നടത്തുന്നത്.

ഇന്ത്യൻ ഓയിൽ– അദാനി ഗ്യാസിന്റെ സിറ്റി ഗേറ്റ് സ്റ്റേഷൻ (സിജിഎസ്) ഇതിനായി ഉണ്ണികുളത്തു സ്ഥാപിക്കും. ഇതിന്റെ നിർമാണവും ദ്രുതഗതിയിൽ നടക്കുന്നു. സിറ്റി ഗേറ്റ് സ്റ്റേഷനിൽ നിന്ന് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ വഴി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു പ്രകൃതിവാതകം എത്തും. ഇതിൽ നിന്നു മർദം കുറച്ച് പ്രത്യേകം പൈപ്പുകൾ വഴി വീടുകളിലെത്തിക്കും.