Fri. Apr 19th, 2024

മലപ്പുറം:

മലപ്പുറത്തെ മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ഹാജ്യാർപള്ളി–മങ്ങാട്ടുപുറം തൂക്കുപാലവും കോട്ടക്കുന്ന്‌ പാർക്കും സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ്‌ രണ്ടാം തരംഗത്തിൻറെ രൂക്ഷത മാറിയാൽ വിനോദസഞ്ചാര മേഖല സജീവമാക്കും.

പ്രകൃതിരമണീയതയ്‌ക്കൊപ്പം മലപ്പുറത്തിൻറെ സാംസ്‌കാരിക, ചരിത്ര പാരമ്പര്യത്തെ വീണ്ടെടുക്കും. ഇനിയും കണ്ടെത്താത്ത ചരിത്ര പാരമ്പര്യമുള്ള ലോകത്തിലെ 10 കേന്ദ്രങ്ങളിലൊന്ന്‌ മലബാറാണ്‌. പല കാരണങ്ങളാൽ കണ്ടെത്താതെപോയ അത്തരം സ്ഥലങ്ങൾ വീണ്ടെടുക്കും. സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കും.

ചരിത്രത്തെയും സംസ്‌കാരത്തെയും മാറ്റിനിർത്തുന്ന ഒരു നീക്കവും സ്വീകരിക്കില്ല. പൂക്കോട്ടൂർ, തിരൂർ തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെ വീണ്ടെടുക്കും. തിരൂർ വാഗൺ ദുരന്തമെന്നത്‌ ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ച പേരാണ്‌. അത്‌ മാറ്റി വാഗൺ കൂട്ടക്കൊല എന്നാക്കണം.

സർക്കാർ പ്രഖ്യാപിച്ച ലിറ്റററി സർക്യൂട്ടിന്റെ പ്രധാന ഭാഗം മലപ്പുറം ജില്ലയിലാണ്‌. ഇത്‌ ജില്ലയ്‌ക്ക്‌ മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.കലക്ടർ കെ ഗോപാലകൃഷ്‌ണൻ, പി ഉബൈദുള്ള എംഎൽഎ, ഡിടിപിസി എക്‌സിക്യൂട്ടീവ്‌ അംഗം വി പി അനിൽ, സെക്രട്ടറി ബിനോഷ്‌ കുഞ്ഞപ്പൻ, നഗരസഭാ ചെയർമാൻ മുജീബ്‌ കാടേരി, കൗൺസിലർമാരായ പി എസ്‌ ഷബീർ, കെ ടി രമണി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.