മലപ്പുറം:
ജില്ലയിലെ ചാലിയാർ, കടലുണ്ടി പുഴകളിൽനിന്ന് മണലെടുക്കാനുള്ള സാൻഡ് ഓഡിറ്റ് പൂർത്തിയായിട്ട് മാസങ്ങൾ. റിപ്പോർട്ട് ഉണ്ടായിട്ടും നടപടികളിൽ കാലതാമസം വരുന്നതിനാൽ മണലെടുപ്പ് വൈകുന്നു. നടപടികൾ നീളുന്നതോടെ ഒരുഭാഗത്ത് മണൽക്കടത്തും വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചാലിയാർ, കടലുണ്ടി പുഴകളിൽനിന്ന് മണൽ കടത്തുന്നതിനിടെ വാഹനങ്ങൾ പൊലീസ് സംഘം പിടികൂടിയിരുന്നു.
സംസ്ഥാനത്ത് 30 പ്രധാന നദികളിലെയും അഞ്ച് പോഷക നദികളിലെയും മണലെടുക്കാനായാണ് സർക്കാർ സാൻഡ് ഓഡിറ്റ് നടത്തിയത്. ഇതിൽ 26 പ്രധാന നദികളുടെയും മൂന്ന് പോഷക നദികളുടെയും റിപ്പോർട്ട് പൂർത്തിയാക്കി സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് തയാറായവയിൽ 13 നദികളിൽ മണൽ ലഭ്യതയില്ലെന്നാണ് കണ്ടെത്തൽ. ബാക്കി 16 നദികളിൽ മണൽ ലഭ്യത കണ്ടെത്തിയിട്ടുണ്ട്.