കണ്ണൂർ:
ജില്ലയിലെ പിന്നോക്ക ജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് ആദിവാസി മേഖലകളിൽ ലൈബ്രറികൾ ഒരുക്കുമെന്ന് ഡോ വി ശിവദാസൻ എം പി. ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വായനശാലകളുടെ എണ്ണം തീരെ കുറവാണ്. അറിവ് നേടുന്നതിലൂടെയുണ്ടാകുന്ന സാമൂഹ്യമാറ്റത്തിനാണ് തുടക്കമിടേണ്ടത്. ഈ വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിലും വളരുന്നതിലുമുണ്ടാകുന്ന വിവേചനം കുറച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്നും എം പി പറഞ്ഞു.
കണ്ണൂർ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർലമെന്റ് സംവിധാനം തന്നെ വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്‌എസും. വിദ്വേഷത്തിൽ അധിഷ്‌ഠിതമായ തീവ്രദേശീയത വളർത്തി വിയോജിക്കുന്നവരെ വേട്ടയാടുകയാണ്. ലക്ഷദ്വീപിലെയും ജമ്മു കശ്‌മിരിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും ജനതയോട് കേന്ദ്രം കാട്ടുന്നതും ഇതാണ്. രാജ്യത്തിന്റെ ബഹുദേശീയതയെ അംഗീകരിക്കാൻ അവർ തയ്യാറല്ല.
എംപിമാർക്ക് ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് കോടതിയുടെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങുന്ന എംപിമാരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന കേന്ദ്രം അവരുടെ യഥാർത്ഥ സ്വഭാവമാണ് വെളിവാക്കുന്നതെന്നും ശിവദാസൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷനായി. പ്രശാന്ത് പുത്തലത്ത് സ്വാഗതവും ടി കെ എ ഖാദർ നന്ദിയും പറഞ്ഞു.