Mon. Dec 23rd, 2024
ചിറയിൻകീഴ്:

അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ മീൻ വിൽപനയെച്ചൊല്ലി മത്സ്യത്തൊഴിലാളികളും മത്സ്യവ്യാപാരികളും തമ്മിൽ തർക്കവും സംഘർഷവും. മതിപ്പുവില ബോട്ടിൽ വച്ചുതന്നെ കണക്കാക്കി കുറഞ്ഞതുകയിൽ വ്യാപാരികൾ മൽസ്യം കൊണ്ടുപോകുന്നു എന്നതായിരുന്നു കാരണം. പ്രതിഷേധിച്ച് മത്സ്യം നിറച്ച ബോട്ടുകൾ തുറമുഖ തീരത്തു മത്സ്യത്തൊഴിലാളികൾ നിർത്തിയിട്ടു.

പുലർച്ചെയോടെയാണു തർക്കം തുടങ്ങിയത്. മത്സ്യം തൂക്കിയെടുത്തു വില നിശ്ചയിക്കണമെന്ന ആവശ്യം മൊത്തവ്യാപാരികൾ സ്വീകരിക്കാത്തതാണു പ്രശ്നം. ദിനംപ്രതി എത്തുന്ന ടൺകണക്കിനു മത്സ്യം തൂക്കം നോക്കാതെ വിലയുറപ്പിക്കുന്ന രീതി മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള തന്ത്രമാണെന്നു തൊഴിലാളികൾ നിലപാടെടുത്തു. ഇക്കാര്യത്തിൽ മുമ്പും തർക്കമുണ്ടായിരുന്നു.

സർക്കാർ തലത്തിൽ പ്രശ്ന പരിഹാരമുണ്ടാക്കാമെന്നു മത്സ്യത്തൊഴിലാളി യൂണിയൻ നേതൃത്വം വാക്കു നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് മൽസ്യത്തൊഴിലാളികളുടെ നിലപാട്. ഉച്ചയോടെ മത്സ്യമൊത്തവ്യാപാരികളിൽ ഒരുവിഭാഗം തൂക്കത്തിനു വിലനൽകി മൽസ്യമെടുക്കാമെന്നറിയിച്ചതോടെയാണു പ്രതിഷേധം താത്ക്കാലികമായി അവസാനിച്ചത്. വിലനിർണയക്കാര്യത്തിൽ സർക്കാർ തീരുമാനം വൈകിക്കരുതെന്നും പ്രശ്നത്തിനു സ്ഥിര പരിഹാരം കാണാൻ വകുപ്പുമന്ത്രി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.

TAGS:

By Divya