Mon. Dec 23rd, 2024

കായംകുളം:

ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ നവജാത ശിശുവിനെ 16 മിനിറ്റ് കൊണ്ട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആംബുലൻസ് സംഘം രക്ഷകരായി. താലൂക്ക് ആശുപത്രിയിൽ ഞായർ രാത്രി 7.20ന് ആറാട്ടുപുഴ കൊച്ചുപറമ്പിൽ അഖിൽ ഭവനത്തിൽ അഖിലിന്റെ ഭാര്യ റിനു പ്രസവിച്ച കുഞ്ഞിനെ അടിയന്തരമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. ഹാർട്ട് വിങ് ആംബുലൻസ് സംഘം ആ ദൗത്യം ഏറ്റെടുത്തു.

ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ സൗകര്യമൊരുക്കി രാത്രി 7.54ന് കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട സംഘം 8.10ന് മെഡിക്കൽ കോളജ് അതിതീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചു. 36 കിലോമീറ്ററാണ് തടസ്സങ്ങൾ അതിജീവിച്ച് 16 മിനിറ്റുകൊണ്ട് താണ്ടിയത്. ഗർഭസ്ഥ അവസ്ഥയിൽ കുട്ടി വിസർജിക്കുകയും അംശം ഉള്ളിൽ കടക്കുകയും ചെയ്തതാണ് ഓക്സിജൻ അളവ് കുറയാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ആംബുലൻസ് ഡ്രൈവർമാരായ കല്ലുംമൂട് സിൽജി ഭവനത്തിൽ അലക്സ് (27), കൊയ്പ്പള്ളി കാരാൺമ രാജമംഗലത്ത് സോജു (22), കണ്ണനാകുഴി സാദിഖ് മൻസിൽ സാലിഹ് (22) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മുൻപ് നാണയം വിഴുങ്ങിയ കുട്ടിയെ ഇതേപോലെ ആലപ്പുഴയിൽ എത്തിച്ച് ജീവൻ രക്ഷിച്ചതും ഇതേ സംഘമാണ്.

By Rathi N