Wed. Jan 22nd, 2025

പനമരം:

ആദിവാസികളടക്കമുള്ള നൂറുകണക്കിനു രോഗികൾ ദിനംപ്രതി ആശ്രയിക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയ സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള ഈ ആതുരാലയത്തെ 24 മണിക്കൂറും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ഷൈലജ സിഎച്ച്സിയിൽ ആരംഭിച്ച ഡയാലിസിസ് സെന്റർ പ്രവർത്തനം ഉദ്ഘാടനം ചെയ്യവേ സിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയില്ല. പനമരം, കണിയാമ്പറ്റ, പൂതാടി, കോട്ടത്തറ, പുൽപള്ളി, എടവക പഞ്ചായത്തിലെ കുടുംബങ്ങൾക്കും പനമരം സിഎച്ച്സി താലൂക്ക് ആശുപത്രിയായി മാറുന്നതോടെ ഏറെ ആശ്വാസമാകും.

രാത്രി കാലങ്ങളിൽ അടിയന്തര ചികിത്സയ്ക്ക് ഈ പ്രദേശങ്ങളിലെ രോഗികൾ ഏറെ പ്രയാസം അനുഭവിക്കുകയാണ്. അത്യാഹിത വിഭാഗത്തിൻറെയും, മതിയായ ഡോക്ടർമാരുടെയും സേവനമില്ലാതെ ജീവഹാനി ഉൾപ്പെടെ സംഭവിച്ചിട്ടുണ്ട്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ രോഗികളെത്തുന്ന സിഎച്ച്സികളിലൊന്നാണിത്. ഡയാലിസിസ് സംവിധാനമടക്കമുള്ള സിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തി പ്രവർത്തനം ആരംഭിക്കാൻ വേണ്ട നടപടി സർക്കാരിൻറെ ഭാഗത്തുനിന്ന്
ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.