Mon. Dec 23rd, 2024

ഫറോക്ക്:

കൊവിഡ്കാല പ്രതിസന്ധികളേയും മറികടന്ന് സംസ്ഥാനത്തെ ടൂറിസം മേഖല കുതിപ്പിനൊരുങ്ങുമ്പോൾ നല്ലളം ഹൈടെക് ബാംബൂ ടൈൽ ഫാക്ടറിയ്ക്കും പ്രതീക്ഷകളേറെ. ഉത്തരവാദിത്ത ടൂറിസം ഉൾപ്പെടെ സംസ്ഥാന വ്യാപകമായി രാജ്യാന്തര തലത്തിൽ ശ്രദ്ധയാകർഷിക്കപ്പെടുന്ന പുത്തൻ പദ്ധതികൾ നടപ്പാക്കുമ്പോൾ മുള–അനുബന്ധ ഉല്പന്നങ്ങൾക്കും ആവശ്യക്കാരേറെ. ഇവയുപയോഗിച്ച്‌ എക്കോ ഫ്രണ്ട്‌ലി ടൂറിസം ഹട്ടുകളും ഷോപ്പുകളും കഫ്തീരിയകളും ഫർണീച്ചറുകളും വൻതോതിൽ ആവശ്യമായി വരുന്നതിനാൽ ഫാക്ടറിയിലെ ഉല്പാദനവും ഗണ്യമായി വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് തൊഴിലാളികൾ.

കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന ഫാക്ടറി ആധുനിക രീതിയിൽ നവീകരിച്ച് ഉൽപ്പാദനം വർധിപ്പിക്കാൻ കഴിഞ്ഞ സർക്കാർ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരുന്നു. ബാംബൂ ടൈൽ ഉല്പാദന രംഗത്ത് നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ബാംബൂ ക്രഷ് ബോർഡുകൾ നിർമിക്കുന്നതിനുള്ള നടപടികൾക്കൊപ്പം വിവിധ ഫർണീച്ചറുകളും കരകൗശല വസ്തുക്കളുടെയും ഉല്പാദനം കൂട്ടി. ഇവ കരകൗശല കോർപറേഷൻ മുഖേനയും ടൂറിസം കേന്ദ്രങ്ങൾ വഴിയും വിൽപ്പന നടത്താനായാൽ ഫാക്ടറിയ്ക്ക് കുതിച്ച് കയറാനാകും.

നേരത്തെ പരീക്ഷണാർഥം വിപണിയിലിറക്കിയ “ബാംബൂ നീം ടൈൽ’ നല്ലളം ഫാക്ടറിയിൽ നിന്നാണ് നിർമാണം. എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ നല്ലളത്ത് 2011 ഫെബ്രുവരി 28നാണ് ഫാക്ടറിയാരംഭിച്ചത്. തുടക്കത്തിൽ 27 പേർ ജോലിയ്‌ക്കുണ്ടായിരുന്നെങ്കിലും പിന്നീട് 17 ആയി ചുരുങ്ങി. ഒടുവിലിപ്പോൾ എട്ടു സ്ഥിരക്കാരും താൽക്കാലികക്കാരുമായി 26 പേരാണ് ഇവിടെ തൊഴിലെടുക്കുന്നത്.

കമ്പനിയുടെ സ്ഥിതിയനുസരിച്ച്‌ സ്കിൽഡ് വർക്കർമാരും ഓഫീസ് ജീവനക്കാരുമടക്കം 90 പേരുണ്ടാകണം. ബാംബൂ കോർപറേഷന് ലഭിക്കുന്ന ഓർഡർ പ്രകാരം യഥാസമയം പ്രവൃത്തി പൂർത്തിയാക്കാൻ വിദഗ്ധരായ കൂടുതൽ തൊഴിലാളികൾ വേണം. നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടാരങ്ങളും ഷോപ്പുകളും മറ്റും നിർമിക്കാൻ കരാർ ലഭിച്ചെങ്കിലും അസംസ്കൃത വസ്തുക്കൾ കൃത്യമായി ഇവിടെ ലഭിക്കുന്നില്ല.

കൂടാതെ ആധുനിക മോഡലുകളിൽ ഫർണിച്ചറുകളും മറ്റ്‌ ഉല്പന്നങ്ങളുമുണ്ടാക്കുന്നതിനാവശ്യമായ പുത്തൻ യന്ത്രങ്ങളും അടിയന്തരാവശ്യമാണ്. കരകൗശല വസ്തുക്കൾ, ഫർണീച്ചറുകൾ തുടങ്ങിയവയ്ക്കായുള്ള വർക്ക് ഷെഡ്, സംഭരണ കേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ അത്യാവശ്യമാണെന്ന് തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ പി ജയപ്രകാശൻ പറഞ്ഞു.