Fri. Mar 29th, 2024

എറണാകുളം:

കോതമംഗലംവിനോദസഞ്ചാര വികസനത്തിൽ വൻ സാധ്യതകളുള്ള ആലുവ–മൂന്നാർ രാജപാത തുറക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ആ​ലു​വ​യി​ൽനി​ന്ന്‌​ ആരം​ഭി​ച്ച് കോ​ത​മം​ഗ​ലം, ത​ട്ടേ​ക്കാ​ട്, കു​ട്ട​മ്പുഴ, പൂ​യം​കു​ട്ടി, തോ​ളു​ന​ട, കു​ന്ത്ര​പ്പു​ഴ, കു​ഞ്ചി​യാ​ർ, പെ​രു​മ്പൻ​കു​ത്ത്, ആറാം മൈൽ, ലക്ഷ്മി വഴി മൂ​ന്നാ​ർവ​രെ എ​ത്തു​ന്നതാണ് പഴയ രാജപാത.

യൂറോപ്യൻ പ്ലാന്റേഷൻ കമ്പനിക്കുവേണ്ടി 1857ൽ ​സ​ർ ജോ​ണ്‍ ദാ​നി​യേ​ൽ മ​ണ്‍​ട്രോ എ​ന്ന ഇം​ഗ്ലീ​ഷു​കാ​ര​നാ​ണ് വനാന്തരത്തിലൂടെ ഈ പാത നി​ർ​മി​ച്ച​ത്. തിരുവിതാംകൂർ രാജാവിന്റെ അനുമതിയോടെ ദീർഘവീക്ഷണത്തോടെയായിരുന്നു നിർമാണം. കോ​ത​മം​ഗ​ലം ടൗണിൽനിന്ന്‌ 50 കി​ലോ​മീ​റ്റ​ർ ദൈർഘ്യമേ രാജപാതയ്ക്കുള്ളൂ. ​

നിലവിൽ കൊച്ചി–ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ കോതമംഗലം–മൂന്നാർ ദൂരം 80 കിലോമീറ്ററാണ്. നിലവിലുള്ള ആലുവ–മൂന്നാർ റോഡ് കയറ്റവും വളവുകളും ഉള്ളതാണ്. ഈ റോഡിനെക്കാൾ മികച്ചതും വളവുകളും കയറ്റങ്ങളും കുറഞ്ഞ രാജപാത കൂടുതൽ സുരക്ഷിതമാണെന്ന്‌ പഠനറിപ്പോർട്ടുകളും നിലവിലുണ്ട്‌.

യൂ​റോ​പ്യ​ൻ പ്ലാ​ന്റേ​ഷ​ൻ കമ്പനിയുടെ എ​സ്റ്റേ​റ്റുക​ളി​ലേ​ക്ക് നി​ർ​മിച്ച പാ​ത​യിലെ കലുങ്കുകളും പാലങ്ങളും ബ്രിട്ടീഷ് സാങ്കേതിക വിദ്യയിൽ തീർത്തതാണ്‌. കോൺക്രീറ്റിനുപകരം ബ്രിട്ടനിൽനിന്ന്‌ ഇറക്കിയ ഇരുമ്പ് ഗർഡറുകൾകൊണ്ടാണ്‌ പാലങ്ങൾ പൂർത്തിയാക്കിയിരുന്നത്. ഇവയിൽ പലതും പാതയുടെ ശേഷിപ്പായി ഇപ്പോഴുമുണ്ട്‌. 1924ലെ മഹാപ്രളയത്തിലെ വെള്ളപ്പൊക്കത്തിൽ പാതയിലെ പൂയംകൂട്ടിക്കും പെരുമ്പൻകുത്തിനുമിടയിലുള്ള കരിന്തിരി മല ഇടിഞ്ഞുവീണ് ഭാഗികമായി റോഡ് ഒലിച്ചുപോയി.

പുനർനിർമാണം തടസ്സപ്പെട്ടതോടെയാണ്‌ 1931- 32 കാലഘട്ടത്തിൽ നിലവിലെ കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ ആലുവ മൂന്നാർ റോഡ് യാഥാർഥ്യമായത്. നിലവിലെ ദേശീയപാതയ്‌ക്ക് സമാന്തരമായി രാജപാത യാഥാർഥ്യമായാൽ കോതമംഗലം കുട്ടമ്പുഴ, പൂയംകുട്ടി, മാങ്കുളം മേഖലകളുടെ സമഗ്ര പുരോഗതിക്കും വിനോദസഞ്ചാര വികസനത്തിനും വഴിവിളക്കാകും. മൂന്നാറിലേക്ക് വരുന്ന സഞ്ചാരികളുടെ ഇടത്താവളമായി കോതമംഗലം മാറും.

തട്ടേക്കാട് പക്ഷിസങ്കേതം, കുട്ടമ്പുഴയിലെ ആനക്കയം, പൂയംകൂട്ടിയിലെ പീണ്ടിമേട് വെള്ളച്ചാട്ടം, കാട്ടാനക്കൂട്ടങ്ങൾ വെള്ളം കുടിക്കാനെത്തുന്ന ആനക്കുളം എന്നിവിടങ്ങളിലെ വിനോദസഞ്ചാര വികസനവും യാഥാർഥ്യമാകും.

By Rathi N