Wed. Jan 22nd, 2025

പഴയങ്ങാടി:

സമയബന്ധിതമായി കൈപ്പാടിലെ വെളളം വറ്റിക്കാത്തതും നേരത്തെ എത്തിയ വേനൽ മഴയും മൂലം കൈപ്പാട് കൃഷിക്ക് നിലമൊരുക്കാൻ കഴിയാതെ പോയത് ഏഴോത്തെ കൈപ്പാട് കൃഷിക്ക് വൻ തിരിച്ചടിയായി. ഏഴോം പഞ്ചായത്തിൽ ജില്ലാപഞ്ചായത്തിൻറെ ഫണ്ട് ഉപയോഗിച്ച് കണ്ടൽ കാടുകൾ നിറഞ്ഞ 150 ഏക്കറോളം കൈപ്പാടാണ് ഇത്തവണ കൃഷിയോഗ്യമാക്കിയത്. ഏപ്രിൽ ആദ്യ വാരത്തോടെ കൈപ്പാടിലെ വെളളം ഇറക്കിവിട്ടതിന് ശേഷം മേയിൽ നിലമൊരുക്കി, നല്ല മഴലഭിച്ചതിന് ശേഷമാണ് വിത്തിടൽ.

ഇത്തവണ ഏപ്രിൽ മാസം പകുതി ആയിട്ടും വെളളം ഇറക്കി വിടാൻ അധികൃതർ തയ്യാറായിട്ടില്ല. ദീർഘ വീക്ഷണത്തോട് കൂടി പദ്ധതി നടപ്പിലാക്കാൻ വൈകിയതാണ് കൈപ്പാട് കൃഷിക്ക് തിരിച്ചടിയായതെന്നും പരാതിയുണ്ട്. മഴ കുറഞ്ഞതിന് ശേഷം പഞ്ചായത്തിലെ മറ്റ് കൈപ്പാടുകളിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ കുറച്ച് ഭാഗങ്ങളിൽ നിലമൊരുക്കി കൃഷി ചെയ്തിട്ടുണ്ടെങ്കിലും കുറച്ച് ഭാഗം വെളളം കയറി നശിച്ച നിലയിലാണ്.

ചില സ്ഥലങ്ങളിൽ കൈപ്പാടിൽ നിന്ന് പിഴുതെടുത്ത കണ്ടൽ കാടുകൾ നീക്കം ചെയ്തിട്ടുമില്ല. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശ് നിലം കൃഷിയോഗ്യമാക്കി കൈപ്പാട് കൃഷിക്ക് പ്രോത്സാഹനം നൽകുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും ഫണ്ട് ചിലവഴിക്കാനല്ലാതെ പദ്ധതി വിജയകരമാക്കൻ വേണ്ട പരിശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.