Mon. Dec 23rd, 2024

വടകര:

ദേശീയപാത സ്ഥലമെടുപ്പ് നടപടികൾ ദ്രുതഗതിയിലായതോടെ വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർ ആശങ്കയിൽ. അഴിയൂർ–വെങ്ങളം ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി അഴിയൂർ മുതൽ മൂരാട് വരെ 600 വീടുകളും 2,400 കടകളുമാണ് പൊളിക്കുന്നത്. ഇതിൽ 20 % പേർ നഷ്ടപരിഹാരം കിട്ടാനുള്ള രേഖകൾ സമർപ്പിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.

നഷ്ടപരിഹാരവും പുനരധിവാസവും നൽകിയ ശേഷം മാത്രമേ കുടിയൊഴിപ്പിക്കാൻ പാടുള്ളൂ എന്ന നിയമമുണ്ടായിട്ടും ഒഴിപ്പിക്കാൻ സമ്മർദ്ദം ഏറിയതായി പരാതിയുണ്ട്. വീടും വർഷങ്ങളായി കച്ചവടം ചെയ്യുന്ന കടയും നഷ്ടപ്പെടുമ്പോൾ പുനരധിവാസം ഉറപ്പാക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും അതൊക്കെ ഫയലിൽ ഒതുങ്ങി. ദേശീയപാത ഒന്നാം ഘട്ടത്തിൽ 12 സെന്റും സ്ഥലവും വീടും നഷ്ടപ്പെട്ട മുക്കാളി എൽപി സ്കൂളിന് സമീപം താമസിക്കുന്ന പുലകുനി രോഹിണിക്ക് അവശേഷിക്കുന്ന 3 സെന്റ് സ്ഥലത്തെ കൂരയാണ് നഷ്ടമാവുന്നത്.

നേരത്തെ റോഡ് വികസനത്തിന് 4 സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട പിലാവുള്ളതിൽ കുമാരനും കുടുംബത്തിനും വീണ്ടും നഷ്ടമാകുന്നത് പിന്നീട് നിർമിച്ച വീടും ശേഷിക്കുന്ന 5 സെന്റ് സ്ഥലവുമാണ്. പുനരധിവാസം ഉണ്ടായില്ലെങ്കിൽ എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ് ഈ കുടുംബങ്ങളെല്ലാം. കുടിയൊഴിയുമ്പോൾ ലഭിക്കുന്ന നാമമാത്ര തുക കൊണ്ട് വീട് എങ്ങനെ നിർമിക്കാനാകുമെന്ന ചോദ്യവും ഇവർ നേരിടുന്നു.

തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളുടെയോ കച്ചവടക്കാരുടെയോ യഥാർഥ കണക്കുകൾ പോലും ലഭിക്കാത്തതിലും ആശങ്കയുണ്ട്. വീടും സ്ഥാപനവും നഷ്ടപ്പെടുന്നവർക്ക് ഉടൻ പുനരധിവാസം ഉറപ്പാക്കണമെന്ന് ദേശീയപാത കർമസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല, ജില്ലാ കൺവീനർ എ ടി മഹേഷ് എന്നിവർ ആവശ്യപ്പെട്ടു.