ഊർങ്ങാട്ടിരി:
ഊർങ്ങാട്ടിരി പഞ്ചായത്തിലെ കരിമ്പിൽ ആദിവാസി കോളനിയിലെ നിരവധി വീടുകൾക്കും സ്കൂളിനും ഭീഷണിയായി കൂറ്റൻ പാറക്കല്ല്. ഏത് നിമിഷവും അടർന്ന് വീഴാവുന്ന മലയിലെ കല്ലിൻറെ നിൽപ് കാരണം മലക്ക് വിള്ളലുണ്ടെന്നും മണ്ണിടിയുന്നുണ്ടെന്നും കോളനിവാസികൾ പറയുന്നു. സംഭവത്തിൽ അനുകൂല നടപടിക്കായി ഏറനാട് തഹസിൽദാർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് കോളനിവാസികൾ.
കാലവർഷം ശക്തമാകുന്ന സമയമായതിനാൽ ആശങ്കയോടെയാണ് പ്രദേശവാസികൾ ഇവിടെ താമസിക്കുന്നത്. കരിമ്പിൽ കോളനിക്ക് മുകളിലായി മലമുകളിലാണ് കൂറ്റൻ പാറക്കല്ലുള്ളത്. പതിറ്റാണ്ടുകളായി നിൽക്കുന്ന കല്ലാണെങ്കിലും മഴ ശക്തമായൽ ഉരുൾപ്പൊട്ടൽ ഭീഷണിയുമെല്ലാം കോളനിവാസികളെ ആശങ്കയിലാക്കുന്നുണ്ട്.
ഇതിന് പുറമെ ആനശല്യമുള്ള മേഖലകൂടിയാണിത്. ആനക്കൂട്ടം കല്ലിൽ തട്ടുകയോ മറ്റോ ചെയ്താൽ വലിയ ദുരന്തമാകുമെന്ന് കോളനിവാസികൾ പറയുന്നു.മലക്ക് നേരത്തേ പൊട്ടലുണ്ടെന്നും മണ്ണിടിയാൻ സാധ്യതയുണ്ടന്നും ഇവർ പറയുന്നു.
കൃഷി നാശവും ജീവഹാനിയും ഭയന്നാണ് കോളനിവാസികളുടെ ജീവിതം. തഹസിൽദാർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പിന് പരിശോധനക്കായി അയച്ചു എന്നാണ് വിവരം.