Tue. Sep 17th, 2024

കണ്ണൂർ:

കൊവിഡ്കാലം ജനജീവിതത്തെ പ്രതിസന്ധിയിലാക്കിയ കഥകളാണ് ചുറ്റും.കൊവിഡ് കാലത്തെ അതിജീവിക്കാനുള്ള വഴികളിലൂടെ നടന്ന് വിജയത്തിലെത്തിയ കഥയാണ് ‘ഭൂമിക’ പെൺകൂട്ടായ്മയ്ക്ക് പറയാനുള്ളത്. ആന്തൂർ നഗരസഭയിലെ ഹരിതകർമസേനയായ ‘ഭൂമിക’ ഒന്നര വർഷംകൊണ്ട് മാലിന്യശേഖരണ പ്രവർത്തനങ്ങൾക്കൊപ്പം ലക്ഷങ്ങൾ വരുമാനമുള്ള സംരംഭങ്ങളാണ് നടത്തിയത്.

കഴിഞ്ഞ സമ്പൂർണ ലോക്‌ഡൗണിൽ മാലിന്യശേഖരണം നിർത്തിയപ്പോഴാണ് പുതിയ സംരംഭങ്ങളെക്കുറിച്ച് ആലോചിച്ചത്. ഹരിതകേരള മിഷൻ പിന്തുണയോടെ ഹാൻഡ്‌ വാഷ് നിർമിക്കാൻ തുടങ്ങി. വിദഗ്ധ പരിശീലനത്തിനു ശേഷമാണ് 28 പേരുടെ കൂട്ടായ്മയിൽ നിർമാണം തുടങ്ങിയത്.

‘ഭൂമിക’യെന്ന ബ്രാൻഡിൽ ഇറങ്ങിയ ഉൽപ്പന്നങ്ങൾക്ക് വൻ ഡിമാൻഡായി. വിൽപ്പനയിലൂടെ 3,50,000 രൂപയാണ് ഹരിത കർമസേനയ്ക്ക് ലഭിച്ചത്.
സോപ്പുപൊടി വിൽപ്പനയിലൂടെ 20,000 രൂപയും മാസ്ക് വിൽപ്പനയിലൂടെ 8000 രൂപയും ലഭിച്ചു. തരംതിരിച്ച പ്ലാസ്റ്റിക്കിൻറെ വിൽപ്പനയിൽനിന്നും പൊടിച്ച പ്ലാസ്റ്റിക്‌ വിൽപ്പനയിൽനിന്നും മോശമല്ലാത്ത വരുമാനവുമുണ്ട്.

കഴിഞ്ഞ വർഷം ബക്കളം വയലിൽ നെൽകൃഷിയിറക്കി. കാറ്ററിങ്‌ സേവനവുമുണ്ട്.
ഒത്തൊരുമയുടെ ബലത്തിലാണ് സംരംഭങ്ങൾ വിജയംകണ്ടതെന്ന് ‘ഭൂമിക’ ഹരിത കർമസേന കൺസോർഷ്യം സെക്രട്ടറി ടി വി സുമ പറഞ്ഞു. ആന്തൂർ നഗരസഭയും ഹരിതകേരള മിഷനും നൽകിയ പിന്തുണയാണ് ഈ നേട്ടത്തിനുപിന്നിലെന്നും അവർ പറഞ്ഞു.