Wed. Jan 22nd, 2025
അമ്പലത്തറ:

പുതിയ അധ്യയനവര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ ചരിത്രനേട്ടം സൃഷ്​ടിച്ച് അമ്പലത്തറ ഗവ യു പി സ്കൂള്‍. കോവിഡ്​ പ്രതിസന്ധിക്കിടയില്‍ കുട്ടികളുടെ എണ്ണത്തില്‍ 27 ശതമാനത്തിലേറെ വർധനവാണ് 105 വയസ്സുള്ള സ്കൂള്‍ നേടിയത്. വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലപരിധിയില്‍ വരുന്ന സ്​കൂള്‍ എന്നതിനാല്‍ അദ്ദേഹത്തിനും അഭിമാനിക്കാം.

ഓരോ ക്ലാസിലെയും കുട്ടികളുടെ ബാഹുല്യം ഓണ്‍ലൈന്‍ പഠനത്തില്‍ പ്രശ്​നങ്ങള്‍ സൃഷ്​ടിക്കുന്നെങ്കിലും അതിനെയെല്ലാം അതീജിവിക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍. കാവും പുരാതന ഭൂതത്താന്‍കോവിലും ഉള്‍പ്പെട്ട സ്​കൂൾ നാടി​ൻെറ അക്ഷരസോത്രസ്സായി തലയുയര്‍ത്തി നില്‍ക്കുന്നതി​നുപിന്നില്‍ നാട്ടുകാരുടെ നിരന്തര പരിശ്രമം കൂടിയുണ്ട്​. അമ്പലമുറ്റം പശ്ചാത്തലമാക്കി 1916ല്‍ കേശവപിള്ളയാണ് കലാലയം തുടങ്ങിയത്.

1952ല്‍ മലയാളം ഗ്രാ​ൻറ് സ്കൂളായി. ആദ്യഘട്ടം നാലാം ക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളൂ. 1947ല്‍ തിരുവിതാംകൂറിലെ കുടിപ്പള്ളിക്കൂടങ്ങള്‍ സര്‍ക്കാറി​ൻെറ കീഴില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കേശവപിള്ള ഒരു രൂപ പ്രതിഫലം പറ്റി സര്‍ക്കാറിന് വിട്ടുകൊടുത്തു. അതോടെ അമ്പലത്തറ ഗവ എല്‍ പി എസ് ആയി.

1955ല്‍ അഞ്ചാം ക്ലാസ് തുടങ്ങി. 1961ല്‍ ആറും ഏഴും ക്ലാസുകള്‍കൂടി വന്നതോടെ യു പി എസ് ആയി. പിന്നീട് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പൊതുവേ ഉണ്ടായ മൂല്യത്തകര്‍ച്ച അമ്പലത്തറ സ്കൂളിനെയും കാര്യമായി ബാധിച്ചു. അധ്യാപകരും നാട്ടുകാരും വീടുകള്‍ കയറിയിറങ്ങി രക്ഷാകര്‍ത്താക്കളെ ബോധവത്കരിച്ച് കുട്ടികളെ സ്കൂളുകളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചു.

2000ത്തോടെ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഇത് കണ്ടറിഞ്ഞ് ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. ഇതോടെ അവഗണനയിലും സ്വകാര്യ സ്കൂളുകളുടെ കടന്നുകയറ്റത്തിലും പിന്നാക്കം പോയ സ്കൂള്‍ പൂർവകാല പ്രതാപത്തിലേക്ക് തിരിച്ചെത്തി.

പിന്നീട് ഒരോവര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വർധനവുണ്ടായിക്കൊണ്ടിരുന്നു. അമ്പലത്തറ ജങ്​ഷനും പരവന്‍ക്കുന്നിനുമിടക്ക് രണ്ട് ഭാഗങ്ങളായി 77 സെ​ൻറ്​ സ്ഥലത്താണ്​ സ്​കൂൾ സ്ഥിതിചെയ്യുന്നത്. സ്ഥലപരിമിധി മറികടക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ ഹൈസ്കൂള്‍ എന്ന സ്വപ്നം യാഥാർഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഇതിന്​ സര്‍ക്കാർ സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും നാട്ടുകാരും. അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മയാണ് സ്കൂളി​ൻെറ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തുപകരുന്നത്

By Divya