Wed. Jan 22nd, 2025

കൽപ്പറ്റ:

മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡ്‌ നിർമാണ പ്രവൃത്തികൾ ജില്ലയിൽ പുരോഗമിക്കുന്നു. കൽപ്പറ്റ മണ്ഡലത്തിൽ കാപ്പംകൊല്ലി മുതൽ മേപ്പാടി ടൗൺ ഒഴികെയുള്ള ഭാഗം വരെയുള്ള റോഡ്‌ ടാറിങ്‌ പൂർത്തിയായി. നിലവിൽ ഏഴ്‌ മീറ്റർ വീതിയുണ്ടായിരുന്ന റോഡ്‌ ഒമ്പത്‌ മീറ്ററാക്കിയാണ്‌ ടാറിങ്‌.

കമ്പളക്കാട്‌ മുതൽ കൈനാട്ടിവരെയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തികളും ഓവുചാൽ നിർമാണവും ഏതാണ്ട്‌ പൂർത്തിയായി. കൊടും വളവുകളും നേരെയാക്കുകയാണ്‌. റോഡ്‌ വികസനത്തിന്‌ തടസ്സമായ മരങ്ങൾ മുറിച്ചുനീക്കുന്നുമുണ്ട്‌.

നാല്‌ കിലോമീറ്റർ ദൂരത്തിൽ നാലുവരി പാതയാക്കുന്ന പ്രവൃത്തിയാണ്‌ ഇപ്പോൾ നടക്കുന്നത്‌. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയാണ്‌ പ്രവൃത്തി. റോഡിന്‌ ഇരുവശവും വീതി കൂട്ടും. പാറ പൊട്ടിച്ചാണ്‌ നിർമാണപ്രവൃത്തി പുരോഗമിക്കുന്നത്‌. പൊട്ടിക്കുന്ന പാറകൾ റോഡ്‌ ആവശ്യത്തിന്‌ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌.

ബൈപാസിൽ സംരക്ഷണഭിത്തി നിർമാണം അവസാനഘട്ടത്തിലാണ്‌. മൂന്ന്‌ മാസത്തിനകം ബൈപാസ്‌ നാലുവരിയാക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ അധികൃതർ പറഞ്ഞു. കൽപ്പറ്റ മണ്ഡലത്തിൽ പച്ചിലക്കാട്‌ മുതൽ മേപ്പാടി അരുണപ്പുഴവരെയാണ്‌ ഈ മണ്ഡലത്തിലൂടെ ഹൈവേ കടന്നുപോകുന്നത്‌. കിഫ്‌ബി ഫണ്ടിൽ 57.72 കോടി രൂപ ചെലവഴിച്ചാണ്‌ കൽപ്പറ്റ മണ്ഡലത്തിലെ നിർമാണം.

ഗ്രാമീണ റോഡുകൾ കോർത്തിണക്കിയുള്ള മലയോര ഹൈവേയുടെ മാനന്തവാടി മണ്ഡലത്തിലെ പ്രവൃത്തി ടെൻഡർ നടപടികളിലേക്ക്‌ കടന്നു. ബോയ്സ് ടൗൺ മുതൽ പച്ചിലക്കാട്‌ വരെയും തലപ്പുഴ നാൽപ്പത്തിമൂന്ന്‌ മുതൽ കുഞ്ഞോം-കുങ്കിച്ചിറ വരെയും രണ്ടുപാതകളാണ്‌ മണ്ഡലത്തിൽ മലയോര ഹൈവേയിൽ വികസിക്കുന്നത്‌.