Mon. Dec 23rd, 2024

ഗുരുവായൂർ:

ഞാറ്റുവേല കുളിരിൽ ഉള്ളും പുറവും തണുത്ത ദേവസ്വം ആനകൾക്ക് സുഖചികിത്സ കാലം തുടങ്ങി. ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ എൻകെ അക്ബർ എംഎൽഎ സുഖചികിത്സ ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിലെ 45 ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കുമായി 30 ദിവസം നടത്തുന്ന സുഖ ചികിത്സയ്ക്ക് 12 ലക്ഷം രൂപയാണു ചെലവ്.

രാവിലെ തേച്ചു കുളിച്ചാൽ പനമ്പട്ടയും പുല്ലും നൽകും. ഉച്ച കഴിഞ്ഞാൽ ച്യവനപ്രാശം, ധാതുലവണങ്ങൾ, വൈറ്റമിൻ ഗുളികകൾ എന്നിവ ചേർത്ത ഔഷധ ഉരുളകൾ നൽകും. ചോറും ചെറുപയറും വേവിച്ച് ഔഷധങ്ങൾ ചേർത്ത് ഉരുള തയാറാക്കുന്നത്.

പുന്നത്തൂർക്കോട്ടയുടെ വടക്കിനി മുറ്റത്ത് നടന്ന സുഖചികിത്സയുടെ ഉദ്ഘാടനത്തിൽ 28 ആനകൾ അണിനിരന്നു. ഉത്സവം ആനയോട്ടം വിജയി കൊമ്പൻ ഗോപീകൃഷ്ണന് ആദ്യ ഉരുള നൽകി. ദേവസ്വം ചെയർമാൻ കെബി മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എവി പ്രശാന്ത്, കെവി മോഹനകൃഷ്ണൻ, കെവി ഷാജി, കെ അജിത്, ഇപിആർ വേശാല, ടി ബ്രീജകുമാരി, മാനേജർമാരായ പി മനോജ്കുമാർ, എകെ രാധാകൃഷ്ണൻ, ആന വിദഗ്ധരായ പിബിഗിരിദാസ്, ദേവൻ നമ്പൂതിരി, ഡോകെ വിവേക്, ചാരുജിത് നാരായണൻ എന്നിവർ പങ്കെടുത്തു.

By Rathi N