Wed. Jan 22nd, 2025

തൃശൂർ:

കർഷകർ ജൈവകൃഷിയിറക്കും. ആ നെല്ല്‌ കർഷകർത്തന്നെ സംഭരിക്കും. കർഷക കമ്പനി വഴി അരിയാക്കും.

ഈ ജൈവ കഞ്ഞിയരി വിപണിയിലേക്ക്‌. നൂറുശതമാനം തവിടോടുകൂടിയ ‘തൃവെൽ’ അരി വെള്ളിയാഴ്‌ചമുതൽ വിപണിയിലെത്തും. ജൈവനെല്ല്‌ സംഭരിച്ച്‌ ട്രേഡ്‌ ലൈസൻസോടു കൂടി ബ്രാന്റഡ്‌ അരിയാക്കി കേരളത്തിൽ ആദ്യമായാണ്‌ കർഷക പ്രൊഡ്യൂസിങ്‌ കമ്പനി വിപണിയിൽ ഇറക്കുന്നത്‌.

തൃശിവപേരൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസിങ് കമ്പനിയാണ്‌ കഞ്ഞിയരി പുറത്തിറക്കുന്നത്‌.
കുന്നംകുളം കേന്ദ്രീകരിച്ച്‌ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ കീഴിലാണ്‌ പത്തുകർഷകർ ചേർന്നാണ്‌ പ്രൊഡ്യൂസിങ് കമ്പനി രൂപീകരിച്ചത്‌. ഈ പത്തുപേരുൾപ്പെടെ ജൈവകർഷകരിൽനിന്ന്‌ ജൈവനെല്ല്‌ ശേഖരിച്ചാണ്‌ അരിയാക്കുന്നതെന്ന്‌ കമ്പനി ചെയർമാൻ അനീഷ്‌ ആനായ്‌ക്കൽ പറഞ്ഞു.

തൃശൂർ, വെൽ എന്നീ അക്ഷരങ്ങൾ കൂട്ടിച്ചേർത്ത്‌ തൃവെൽ എന്നാണ്‌ ട്രെഡ്‌ പേര്‌. ഔഷധമെന്ന നിലയിൽ 250 ഗ്രാംമുതൽ കഞ്ഞിയരിയാക്കിയാണ്‌ വിൽപ്പന. മെഡിക്കൽ സ്‌റ്റോറുകൾ വഴിയും കഞ്ഞിയരി വിപണനം ചെയ്യാൻ ലക്ഷ്യമിടുന്നു. 100 ശതമാനം, 80 ശതമാനം, 50 ശതമാനം തവിടോടു കൂടിയ മൂന്നുതരം അരിയുണ്ട്‌.

കിലോയ്‌ക്ക്‌ 80 രൂപയും 250 ഗ്രാമിന്‌ 28 രൂപയുമാണ്‌ വില.
ജൈവനെല്ലിന്‌ 30 രൂപ വരെ നൽകി ശേഖരിക്കുന്നതുവഴി കർഷകർക്കും സഹായമാവും. സംസ്ഥാന സർക്കാർ അംഗീകൃത ജൈവ കർഷകസമിതിയുടെ അംഗീകാരമുള്ള കർഷകരിൽനിന്നാണ്‌ നെല്ല്‌ സംഭരിക്കുക.

ജൈവ ഉൽപ്പന്നങ്ങൾക്കുള്ള സർട്ടിഫിക്കേഷൻ ഉൾപ്പെടെ സമർപ്പിക്കുന്ന കർഷകർക്ക്‌ അക്കൗണ്ടിലേക്കാണ്‌ പണം നൽകുക. ട്രേഡ്‌ ലൈസൻസോടുകൂടി കേരളത്തിൽ ആദ്യമായി ജൈവ അരി വിപണിയിലിറക്കുന്നത്‌ തങ്ങളുടെ കർഷക കമ്പനിയാണ്‌. കമ്പനി അക്കൗണ്ടുകൾ സർക്കാർ ഓഡിറ്റിങ്ങിന്‌ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

നാളികേര വികസനബോർഡുമായി സഹകരിച്ച്‌ നാളികേര ഉൽപ്പന്നങ്ങളും തൃവെൽ വിപണിയിലെത്തിക്കും. ഇളനീർ വെള്ളം, കഴമ്പുള്ള ഇളനീർ, വെളിച്ചെണ്ണയും ചെറുനാരങ്ങയും ചേർത്തുള്ള മൗത്ത്‌വാഷ്‌, ക്രീം, നാളികേര സുഗർ, അച്ചാർ, ചമന്തിപ്പൊടി, വിനാഗിരി എന്നിവയും വിപണിയിലെത്തും. ഡ്രിപ്‌ ഇറിഗേഷനുള്ള സാധനങ്ങളും കമ്പനിവഴി കുറഞ്ഞവിലയിൽ വിതരണമുണ്ട്.

By Rathi N