തൃശൂർ:
മയക്കുമരുന്നുകാരെ കുടുക്കുന്ന തൃശൂർ റൂറൽ പൊലീസിലെ കെ 9 ഡോഗ് സ്ക്വാഡിന് അംഗീകാരം. 12 കേസുകളിൽ മയക്കുമരുന്നു കണ്ടെത്തുന്നതിന് പൊലീസിനേയും എക്സൈസിനേയും സഹായിച്ച സ്ക്വാഡിലെ ഡോഗ് നമ്പർ: 331 റാണയും, ഹാൻഡ്‌ലർമാരായ സിപിഒ രാകേഷ്, സിപിഒ ജോജോ എന്നിവരും സംസ്ഥാന പൊലീസ് മേധാവിയുടെ 2020 വർഷത്തെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് അർഹരായി. തൃശൂർ റൂറൽ കെ9 സ്ക്വാഡിന്റെ ഇൻചാർജ് കെ ജി സുരേഷും ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് അർഹനായി.
പത്തിലധികം കേസുകൾക്ക് തുമ്പുണ്ടാക്കിയ സ്‌ക്വാഡിലെ ഡോഗ് നമ്പർ 293 ഹണി 2019ൽ ബാഡ്ജ് ഓഫ് ഓണർ ബഹുമതി നേടി. 2018ലാണ് സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചത്. ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന സ്ക്വാഡിൽ നാല് ഡോഗുകളുണ്ട്.
ഇവയ്‌ക്ക് ആധുനിക പരിശീലനം നൽകി വരുന്നുണ്ട്. റാണക്കും ഹണിക്കും പുറമെ സ്പോടകവസ്തുകൾ കണ്ടെത്തുന്ന ഡോഗ് നമ്പർ 294 സ്വീറ്റിയും ഏറ്റവും ജൂനിയർ ഡോഗ് ബെൽജിയം മെലനോയ്സ് വിഭാഗത്തിൽപ്പെട്ട ട്രാക്കർ നമ്പർ : 375 സ്റ്റെല്ലയുമാണ് സ്ക്വാഡിലുള്ളത്