Wed. Jan 22nd, 2025

കൊടുങ്ങല്ലൂർ:
ചേരമാൻ ജുമാ മസ്ജിദ് ഭൂഗർഭ പള്ളി ആക്കി മാറ്റുന്നതിന്റെ പ്രവൃത്തികളും പ്രൗഢി വീണ്ടെടുക്കാനുള്ള നവീകരണവും പൂർത്തിയാക്കി സെപ്റ്റംബറിൽ തുറന്നു നൽകും. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുകയാണ്. മസ്ജിദിൽ 1974–ന് ശേഷം കൂട്ടിച്ചേർത്തിട്ടുള്ള ഭാഗങ്ങൾ നീക്കം ചെയ്ത്, പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കുന്നതാണ് പദ്ധതി.

ഇതോടൊപ്പം നമസ്കാര സൗകര്യം വർധിപ്പിക്കുന്നതിനു ഭൂമിക്കടിയിൽ വിശാലമായ സൗകര്യം ഒരുക്കും. 25 കോടി രൂപ ചെലവിൽ രണ്ടു നിലകളിലായി നിർമിക്കുന്ന പള്ളിയിൽ 5000 പേർക്കു നമസ്കാര സൗകര്യം ഒരുക്കുന്നുണ്ട്. 24,000 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമാണം.

പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നതിനു മുസിരിസ് പദ്ധതി പ്രകാരം 1.18 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

പള്ളിയുടെ പൗരാണിക തനിമ തിരിച്ചു കൊണ്ടുവരണമെന്ന് 2011–ൽ കൂടിയ മഹല്ല് യോഗമാണ് തീരുമാനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വിശാലവും, വിപുലവുമായ പ്രഥമ ഭൂഗർഭ മസ്ജിദ് ആയി ചേരമാൻ ജുമാമസ്ജിദ് മാറുമെന്നു മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോപിഎ മുഹമ്മദ് സെയ്ദ് പറഞ്ഞു.

By Rathi N