വെള്ളമുണ്ട:
അനധികൃത ക്വാറികളുടെ ഈറ്റില്ലമായ ബാണാസുര മലയിൽ വർഷങ്ങൾ നീണ്ട സമരത്തിലൂടെ ക്വാറി മാഫിയയെ മുട്ടുകുത്തിച്ചവരാണ് വാളാരംകുന്ന്, പെരുങ്കുളം, നാരോക്കടവ് പ്രദേശങ്ങളിൽനിന്ന് ആദിവാസികൾ. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെതന്നെ ഉന്നതരുടെ മുഴുവൻ ക്വാറികളും നിരന്തര സമരത്തിലൂടെ പൂട്ടിച്ച ചരിത്രത്തിന് വേദിയായ മണ്ണാണിത്. സ്വൈര ജീവിതത്തിനു വിലങ്ങുതടിയായ ക്വാറികളോരോന്നും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുന്നെന്ന് ശാസ്ത്രീയ പഠന റിപ്പോർട്ടുകളൊന്നുമില്ലാതെ ജീവിതാനുഭവങ്ങളിലൂടെ അവർ അറിയുകയായിരുന്നു.
പശ്ചിമഘട്ട മലയടിവാരത്തിലെ വിവിധ സ്വകാര്യ ഭൂമികളിലെ അനധികൃത ഖനനങ്ങൾ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് നടക്കുന്നതെന്ന് അവർ തെളിയിച്ചു. അനധികൃത ഖനനം മലയുടെ നിലനിൽപിനു തന്നെ ഭീഷണിയാണെന്നും അവർ വിളിച്ചു പറഞ്ഞു. മലമുകളിലെ 500 മീറ്റർ ചുറ്റളവിൽ മാത്രം വിവിധ ഘട്ടങ്ങളിലായി ആറ് ക്വാറികളാണ് പ്രവർത്തിച്ചത്.
സർക്കാർ ഭൂമി കൈയേറി ആരംഭിച്ച ക്വാറിക്കെതിരെ പരാതി ഉയരുമ്പോൾ പരമാവധി ഖനനം നടത്തിയ ശേഷം പൂട്ടി സമീപത്ത് മറ്റൊന്ന് തുടങ്ങുകയായിരുന്നു. ഇങ്ങനെ തുടങ്ങിയ വണ്ടംകുഴി ക്വാറി വർഷങ്ങൾ പ്രവർത്തിച്ചത് റവന്യൂഭൂമിയിലാണെന്ന് കണ്ടെത്തിയ ശേഷം പ്രവർത്തനം നിർത്തി. അപ്പോഴേക്കും മലയുടെ പകുതിയോളം തുരന്നിരുന്നു.