Mon. Dec 23rd, 2024

പുതുക്കാട് :

സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന അത്യാധുനിക ഡയാലിസിസ് സൗകര്യങ്ങളുമായി ഗവ. ആശുപത്രി. പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് അത്യാധുനിക മെഷീനുകളുമായി ഡയാലിസിസ് യൂണിറ്റ് . ആഴ്ചയില്‍ 24 ഡയാലിസിസുകളാണ് നടക്കുന്നത്.

പുതുക്കാട് താലൂക്ക് ആശുപത്രിയുടെ ഒന്നാം നിലയിലാണ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. ആര്‍ദ്രം മിഷന്റെ ധനസഹായവും മുൻ മന്ത്രി സി രവീന്ദ്രനാഥ് അനുവദിച്ച തുകയുമുള്‍പ്പെടെ 1.3 കോടി രൂപ ചെലവിലാണ് യൂണിറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ 67 ലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങള്‍ ഉള്‍പ്പെടുന്നു.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന രോഗികളെ ഡിപിഎം നിയോഗിച്ച നെഫ്രോളജിസ്റ്റ് വിനോദ് പി ബാബുരാജിന്റെയും പുതുക്കാട് ഡയാലിസിസ് യൂണിറ്റിലെ ഡോ നിഖിലയുടെയും നേതൃത്വത്തിലാണ് തെരഞ്ഞെടുക്കുക. നെഫ്രോളജിസ്റ്റിന്റെ സേവനം ആഴ്ചയില്‍ രണ്ടു ദിവസം ലഭിക്കുന്നു. നിലവില്‍ 15 രോഗികളുണ്ട്.

ദിവസത്തില്‍ അഞ്ചോളം ഡയാലിസിസ് നടക്കുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യ ബെനെവലന്റ്‌ ഫണ്ടും ഉള്‍പ്പെടുത്തിയാണ് ഡയാലിസിസും അതിന് ആവശ്യമായ സാധനങ്ങളും മാസ പരിശോധനയും സൗജന്യമായി നല്‍കുന്നത്‌. സുമനസ്സുകളുടെ സംഭാവനയും ലഭിക്കുന്നു.

By Rathi N