Mon. Dec 23rd, 2024

ശ്രീകണ്ഠപുരം:

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വികസനത്തിൻറെ വെളിച്ചം കടന്നുവന്ന പ്രദേശത്ത് കരാറുകാരുടെ മെല്ലെപ്പോക്കിലും അശാസ്ത്രീയ നിർമാണത്തിലും നാട്‌ ആശങ്കയിൽ. അവഗണനയുടെ ലിസ്റ്റിൽനിന്ന്‌ കിഫ്ബിയിലൂടെ പുതിയവഴി തെളിഞ്ഞുവന്ന കണിയാർവയൽ -ഉളിക്കൽ റോഡിൻറെ നിർമാണം മൂന്ന്‌ വർഷമായിട്ടും പാതിവഴിയിലാണ്. മഴക്കാലംകൂടി എത്തുന്നതോടെ പല ഭാഗങ്ങളിലൂടെയുള്ള യാത്രയും മുടങ്ങും.

നിർമാണത്തിൽ പുരോഗതിയില്ലാത്തതിനാൽ കിഫ്ബി മഞ്ഞപ്പട്ടികയിൽ ഉൾപ്പെടുത്തിയ റോഡാണിത്‌. കിഫ്ബിയുടെ രണ്ടാമത്തെ പരിശോധനയിൽ നിർമാണം 50 ശതമാനംപോലും പൂർത്തിയാകാത്തതിനാലാണ് മഞ്ഞപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.12 കോടി രൂപ ചിലവിലാണ് കണിയാർവയൽ –-കാഞ്ഞിലേരി–- ഉളിക്കൽ റോഡ് നിർമാണം നടത്തുന്നത്. 18 കിലോമീറ്റർ വരുന്ന റോഡ് ഇരിക്കൂർ, മട്ടന്നൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.

12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. പുഴവെള്ളം കയറുന്ന പ്രദേശങ്ങളിൽ രണ്ടരമീറ്റർ നീളത്തിൽ റോഡ് ഉയർത്തുകയും നടപ്പാത നിർമിക്കുകയും റോഡരികുകളിൽ സൗരോർജ വിളക്കുകൾ ഒരുക്കുന്നതുമാണ് പദ്ധതി. നാൽപതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികളും നിർമിക്കുന്നതിനും ലക്ഷ്യമിട്ടു.

2018ൽ നിർമാണം തുടങ്ങിയ റോഡ് 2020 നവംബർ ആറിന് പൂർത്തിയാക്കാനായിരുന്നു കരാർ. മൂന്ന് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത നിലയിലാണ്. ഏറനാട് കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. ഉപകരാർ ഏറ്റെടുത്ത ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി വൈകിപ്പിക്കുന്നതെന്ന ആക്ഷേപം നാട്ടുകാർക്കിടയിൽ ശക്തമാണ്.

മാനദണ്ഡം പാലിക്കാതെ പലയിടങ്ങളിലും പണിത സംരക്ഷണ ഭിത്തികളും കലുങ്കുകളും ഏത് നിമിഷവും തകരുന്ന സ്ഥിതിയിലാണ്. കനത്ത മഴയിൽ നിർമാണ പ്രവൃത്തികൾ തകരുന്ന സ്ഥിതിയാണ്. കരാറുകാരന്റെ വീട്ടിലേക്കടക്കം സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.