Thu. Dec 19th, 2024
കോവളം:

ക്രൂ ചെയ്ഞ്ചിങ്ങിൽ ഒരു വർഷത്തിനകം ട്രിപ്പിൾ സെഞ്ചുറിയടിച്ച് വിഴിഞ്ഞം പോർട്ട്. സിംഗപ്പുർ രജിസ്‌ട്രേഷനുള്ള ബിഡബ്ല്യു നൈൽ എന്ന കൂറ്റൻ ഓയിൽ ടാങ്കറായിരുന്നു മുന്നൂറാമൻ. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം ക്രൂ ചെയ്ഞ്ചിങ് നടത്തിയ ഇന്ത്യയിലെ മൈനർ തുറമുഖവും വിഴിഞ്ഞം തന്നെ.

സിംഗപ്പുർ നിന്നും ഗുജറാത്തിലെ സിക്ക തുറമുഖത്തേക്ക് പോവുകയായിരുന്ന നൈലിൽനിന്ന് ഒരു വിദേശി ഉൾപ്പെടെ മൂന്നുപേർ ഇറങ്ങി, നാലുപേർ തിരികെ കയറി. എംടി ധ്വനി എന്ന ടഗ്ഗിലാണ് ജീവനക്കാരെ കപ്പലിലേക്കും തിരികെയും എത്തിച്ചത്.

ആരോഗ്യ വിഭാഗത്തിന്റെയും കസ്റ്റംസിന്റെയും എമിഗ്രേഷന്റെയും പോർട്ട് അധികൃതരുടെയും മാർ​ഗനിർദേശങ്ങളോടെ പുറത്തിറങ്ങിയ ജീവനക്കാർ എല്ലാവരും ക്വാറന്റൈനിൽ പ്രവേശിച്ചു. 299–-ാമതായി എത്തിയ എംടി അൽഅഗൈല കപ്പൽ ഒരു ദിവസം വിഴിഞ്ഞത്ത് തങ്ങി ഇന്നലെ തീരം വിട്ടു. 15 പേർ കയറിയെങ്കിലും ഇറങ്ങാനുള്ളവരിൽ അഞ്ചു പേരുടെ കാര്യത്തിൽ തീരുമാനമാകാഞ്ഞതാണ് മടക്കയാത്ര വൈ കിച്ചത്.

ഒന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികൾ ആവിഷ്‌കരിക്കും. വാർഫിന്റെ നീളം കൂട്ടുന്നതും തുറമുഖത്തിന്റെ ആഴം വർധിപ്പിക്കുന്നതുമടക്കം പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈ 15 നാണ് വിഴിഞ്ഞത്തെ ക്രൂ ചെയ്‌ഞ്ചിന് തുടക്കമിട്ടത്.

ലോകത്തെ തന്നെ വലിയ കണ്ടെയ്നർ കപ്പലായ എവർഗ്രീൻ ഗ്ലോബ് ആണ് ആദ്യമെത്തിയത്. ഡിസംബറിൽ പോർട്ടിനെ അന്താരാഷ്ട്ര ക്രൂ ചെയ്‌ഞ്ചിങ് ആൻഡ് ബങ്കറിങ് പദവിയിലേക്ക് ഉയർത്തി. വാർഷികത്തോടനുബന്ധിച്ച് പരമാവധി കപ്പലുകളെ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

രാജ്യാന്തര കപ്പൽപാതയുടെ സാമീപ്യം, ആഴം, കുറഞ്ഞ സമയം, നടപടികളിലെ ലഘൂകരണം എന്നിവയും കോവിഡ് കാലത്ത് മറ്റ് തുറമുഖങ്ങളിൽ ക്രൂ ചെയ്‌ഞ്ചിങ് നടക്കാത്തതുമാണ് വിഴിഞ്ഞത്തിന് ​ഗുണമായത്.

By Divya