Wed. Jan 22nd, 2025

വയനാട്:

മുട്ടിൽ മരം മുറി കേസിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുട്ടിലിൽ നിന്ന് മുറിച്ച മരം കടത്തി വിട്ട ചെക്ക് പോസ്റ്റ് ജീവനക്കാർക്കാണ് സസ്പെൻഷൻ നൽകിയത്. വയനാട് ലക്കിടി ചെക്പോസ്റ്റിലെ 2 ജീവനക്കാർ‍ക്കെതിരെയാണ് നടപടി. ശ്രീജിത്ത് ഇ പി, വി എസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സിസിഎഫ് സസ്പെൻഡ് ചെയതത്. റോജി അഗസ്റ്റിൻ എറണാകുളത്തേക്ക് ഈട്ടിത്തടി കടത്തിക്കൊണ്ട് പോയ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ് ശ്രീജിത്തും വിനേഷും.

കേസിൽ റോജി അഗസ്റ്റിൻ അടക്കം മൂന്ന് പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. പട്ടയ ഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നും, റിസർവ് വനമല്ല മുറിച്ച് മാറ്റിയതെന്നുമാണ് പ്രതികൾ കോടതിയെ അറിയിച്ചത്. പട്ടയഭൂമിയിലെ മരംമുറിയ്ക്ക് അനുമതി തേടി അപേക്ഷ നൽകിരുന്നു. 20 ദിവസമായിട്ടും മറുപടി ഇല്ലാതെ വന്നതോടെയാണ് മരം മുറിച്ചതെന്നും പ്രതികൾ വാദിച്ചു. എന്നാൽ റിസർവ്വ് മരം തന്നെയാണ് പ്രതികൾ മുറിച്ചതെന്നും അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.