Sat. Jan 18th, 2025
കോവളം:

കളിച്ചു നടക്കേണ്ട പ്രായത്തില്‍ മീൻ വിൽപ്പന നടത്തി പ്രാരാബ്ധങ്ങളെ പുഞ്ചിരിയോടെ നേരിടുകയാണ് അഭിജിത്ത് എന്ന പതിനൊന്നുകാരന്‍. ഒന്നരവയസ്സിൽ പാച്ചല്ലൂരിലെ അങ്കണവാടിക്കെട്ടിടത്തി​ന്റെ വരാന്തയിൽനിന്നാണ് അഭിജിത്തി​ന്റെ രണ്ടാം ജൻമം.

രണ്ടരവയസ്സുകാരി അമൃതയെയും തന്നെയും ആ വരാന്തയിൽ കിടത്തി നാടുവിട്ട അച്ഛനുമമ്മയും ഓർമകളിൽപോലും അവ്യക്തം. ഇന്നിപ്പോൾ ആകെയുള്ള അമ്മൂമ്മയ്ക്ക് താങ്ങും തണലുമാകാൻ തന്നെക്കൊണ്ടാവുംപോലെ ശ്രമിക്കുകയാണ് ഈ 11 വയസ്സുകാരൻ.

അതി​ന്റെ ഭാ​ഗമാണ് സൈക്കിളേറിയുള്ള മീൻവിൽപ്പന. മക്കളെയുപേക്ഷിച്ചെന്ന വിവരം മകൾ അറിയിച്ചതനുസരിച്ച് ഓടിയെത്തിയ അമ്മൂമ്മ സുധയാണ് അന്ന് അഭിജിത്തിനെയും അമൃതയെയും കോരിയെടുത്തത്. അവിടെത്തുടങ്ങുന്നു, അറിയാത്ത കാരണത്താൽ അച്ഛനുമമ്മയും ഉപേക്ഷിച്ചപ്പോൾ താങ്ങായ അമ്മൂമ്മയ്ക്കൊപ്പം ഇല്ലായ്മകളിലും സന്തോഷം കണ്ടെത്തുന്ന ജീവിതം.

പുഞ്ചക്കരി തമ്പുരാൻമുക്കിനടുത്ത് വാടകവീട്ടിലാണ് സഹോദരി അമൃതയും സുധയോടുമൊപ്പം അഭിജിത്തി​ന്റെ താമസം. മീൻ വിൽപ്പനയാണ് അമ്മൂമ്മ സുധയ്ക്ക്. വാർധക്യത്തി​ന്റെ കഷ്ടതകൾക്കിടയിലും പേരക്കുട്ടികളെ പൊന്നുപോലെ നോക്കുന്നു.

പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഏഴാം ക്ലാസ്സിലാണ് അഭിജിത്ത്. അമൃത പൂന്തുറ സെന്റ് ഫിലോമിനാസ് കോൺവെന്റിൽ എട്ടാം ക്ലാസിലും. “അമ്മൂമ്മയെ സഹായിക്കാനാണ് ഞാൻ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മീൻവിൽക്കാൻ പോകുന്നത്. കോവിഡ് കാലമായതിനാൽ ബുദ്ധിമുട്ടുണ്ട് എന്നാലും ഞങ്ങളുടെ മീൻ വാങ്ങാനും ആളുകളുണ്ട്. അതുകൊണ്ടിപ്പോൾ പട്ടിണിയില്ല”.

By Divya