പുൽപ്പള്ളി:
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൗമാരക്കാരായ മൂന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് പ്രശ്നങ്ങൾ പഠിക്കാനും പരിഹാര മാർഗങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകാനുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പെൺകുട്ടികളുടെ വീടുകൾ സന്ദർശിച്ചു. മാതാപിതാക്കളും ബന്ധുക്കളുമായി ആശയ വിനിമയം നടത്തി. കുടുംബ ബന്ധങ്ങളിലുള്ള ചില പ്രശ്നങ്ങളും സുഹൃത്തുക്കളുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളുമാണ് ഈ പെൺകുട്ടികളെ പെട്ടെന്നുള്ള പ്രകോപനത്തിനും ആത്മഹത്യയിലേക്കും എത്തിച്ചത്. ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ സ്കൂൾതലം മുതൽ കുട്ടികൾക്കും സന്നദ്ധ സംഘങ്ങൾ മുഖേന മാതാപിതാക്കൾക്കും കൗൺസലിങ് വേണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
കാപ്പിസെറ്റ് പാറക്കടവ് ആലുമൂട്ടിൽ സുനിൽ കുമാറിൻറെയും ശ്രീജയുടെയും മകൾ അഞ്ജലി (19) ജൂൺ 21ന് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. അകന്ന ബന്ധത്തിലുള്ള ഒരു സൃഹൃത്തുമായുള്ള അഭിപ്രായ വ്യത്യാസമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. ചീയമ്പം ഷെഡ് പുത്തൻപുരക്കൽ രമേശിൻറെയും വിജിയുടെയും മകൾ ദേവിക (14) ഒമ്പതാം തരത്തിൽ പഠിക്കുകയായിരുന്നു.
പഠനത്തിൽ വളരെ സമർഥയായിരുന്ന ഈ വിദ്യാർത്ഥിനിക്ക് മാതാപിതാക്കൾ പലപ്പോഴും വഴക്ക് കൂടുന്നത് താങ്ങാൻ കഴിയുമായിരുന്നില്ല എന്ന് അയൽവാസികൾ പറഞ്ഞു. മെയ് എട്ടിനായിരുന്നു ദേവികയുടെ മരണം. കേളക്കവല കർപ്പൂരച്ചാലിൽ സുഭാഷിന്റെയും ശ്രീദേവിയുടെയും മകളായ നന്ദന (21) മെയ് 22നാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. മൈസൂർ ജെഎസ്എസ്സിൽ ബിരുദ വിദ്യാർഥിനിയായിരുന്നു. നന്ദനയെ ആത്മഹത്യയിലേക്ക് നയിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യ പ്പെട്ട് പിതാവ് പുൽപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷൻ അംഗം കെ ബൈജുനാഥിനൊപ്പം ജില്ലാ ലീഗൽ സർവീസ് സെക്രട്ടറി കെ രാജേഷ്, പുൽപ്പള്ളി പൊലീസ് എസ്ഐ കെ അച്യുതൻ, പൊതു പ്രവർത്തകർ തുടങ്ങിയവരും ഉണ്ടായിരുന്നു.