Sat. Jan 18th, 2025

ചാലക്കുടി:
ഓൺലൈൻ പഠനത്തിന് വഴിയില്ലാത്ത വിദ്യാർത്ഥികൾക്ക്​ മൊബൈൽ ഫോൺ വാങ്ങി നൽകാൻ വായനശാല പ്രവർത്തകർ ബിരിയാണി മേള നടത്തി. കോടശ്ശേരി പഞ്ചായത്തിലെ നായരങ്ങാടി വള്ളത്തോൾ സ്മാരക വായനശാല പ്രവർത്തകരാണ് ബിരിയാണി വിറ്റ് പണം സമാഹരിച്ചത്. ചായ്പൻകുഴി ഗവ ഹൈസ്കൂൾ, ഗവ യുപി സ്കൂൾ, എൽപി സ്കൂൾ, എസ്എൻഡിപി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്നത് പരിമിത സാഹചര്യങ്ങളിൽനിന്നുള്ള സാധാരണക്കാരുടെ കുട്ടികളാണ്.

പലർക്കും സ്മാർട്ട് ഫോണില്ല. സമൂഹമാധ്യമങ്ങളിലൂടെ ഓർഡർ എടുത്താണ് ബിരിയാണി വിറ്റത്. ബിരിയാണി ചലഞ്ച് നാട്ടുകാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ബിരിയാണി പാചകം ചെയ്യാനും പാക്ക് ചെയ്യാനും വിതരണം ചെയ്യാനും അക്ഷരസേന പ്രവർത്തകർ അടക്കം എല്ലാവരും ഒത്തുചേർന്നു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്​ട്രീയ-സാമൂഹിക രംഗത്തെ പ്രവർത്തകർ എല്ലാവരും പിന്തുണ നൽകിയതോടെ വൻ വിജയമായി.

By Rathi N