ആലപ്പുഴ:
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുമായി ജില്ല വനിത ശിശുവികസന വകുപ്പിൻെറ നേതൃത്വത്തിൽ മൂന്നു പദ്ധതികൾക്ക് തുടക്കമായി. കാതോർത്ത്, രക്ഷാദൂത്, പൊൻവാക്ക് എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്. കാതോർത്ത് പദ്ധതി പ്രകാരം സമൂഹത്തിൽ വിവിധതരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്തു നിന്നുതന്നെ ഓൺലൈനായി കൗൺസലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ ലഭ്യമാക്കും. സേവനം ആവശ്യമുള്ളവർക്ക് www.kathorthu.wcd.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.
അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി വനിത ശിശു വികസന വകുപ്പ് തപാൽ വകുപ്പുമായി സഹകരിച്ചു നടത്തുന്ന രക്ഷാദൂത് പദ്ധതി പ്രകാരം അതിക്രമം നേരിടുന്ന സ്ത്രീകൾക്കോ അവരുടെ പ്രതിനിധികൾക്കോ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ പരാതി നൽകാം. പോസ്റ്റോഫിസിൽ എത്തി തപാൽ എന്ന കോഡ് പറഞ്ഞ് പോസ്റ്റ് മാസ്റ്ററുടെ സഹായത്തോടെ ഒരു പേപ്പറിൽ സ്വന്തം മേൽവിലാസം എഴുതി പിൻകോഡ് സഹിതം ലെറ്റർ ബോക്സിൽ നിക്ഷേപിക്കാം.
ശൈശവ വിവാഹം തടയുന്നതിനായുള്ള പദ്ധതിയാണ് ‘പൊൻവാക്ക്’. ശൈശവ വിവാഹത്തെക്കുറിച്ച് മുൻകൂട്ടി വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവാഹം നടന്നശേഷം വിവരം നൽകിയാൽ പാരിതോഷികം നൽകില്ല. വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. മുൻകൂട്ടി വിവരം ലഭിക്കുന്നവർ ആലപ്പുഴ വനിത ശിശുവികസന ഓഫിസിലോ ശിശുസംരക്ഷണ ഓഫിസിലോ വിവരം അറിയിക്കേണ്ടതാണെന്നും ജില്ല വനിത ശിശുവികസന വകുപ്പ് ഓഫിസർ എൽ ഷീബ അറിയിച്ചു. ജില്ല വനിത ശിശു വികസന ഓഫിസർ: 9188969204, ജില്ല ശിശുസംരക്ഷണ ഓഫിസർ: 8281899463. വിശദ വിവരത്തിന് ഫോൺ: 0477 2960147, 8330883545.