Mon. Dec 23rd, 2024
ആറ്റിങ്ങൽ:

അഞ്ചുതെങ്ങ് കോട്ടയിലെ വിസ്​മയമുയർത്തുന്ന തുരങ്കം തുറന്നുപരിശോധിക്കണമെന്നും പഠനവിധേയമാക്കണമെന്നും ആവശ്യമുയരുന്നു. കോട്ടയെക്കുറിച്ച്​ ചരിത്രപുസ്​തകങ്ങളിൽ വിശദമായി പറയുന്നുണ്ടെങ്കിലും അതിനുള്ളിലെ തുരങ്കത്തെക്കുറിച്ച്​ പഠനങ്ങളോ വ്യക്തമായ വിവരങ്ങളോ ലഭ്യമല്ല. നിലവിൽ കേ​ന്ദ്ര പുരാവസ്​തുവകുപ്പിൻ്റെ തൃശൂർ സർക്കിളിന്​ കീഴിലാണ്​ അഞ്ചുതെങ്ങ്​ കോട്ട.

തുരങ്കമടക്കം കോട്ടയെക്കുറിച്ച്​ ആഴത്തിലുള്ള പഠനം ആവശ്യപ്പെട്ട്​ ​അഞ്ചുതെങ്ങ്​ നിവാസികൾ പ്രധാനമന്ത്രിക്കടക്കം നിവേദനം നൽകി. ചരിത്രപ്രാധാന്യമുള്ള കോട്ടയുമായി ബന്ധപ്പെട്ട നിരവധി ചരിത്രസംഭവങ്ങൾ ഉണ്ട്. ബ്രിട്ടീഷുകാരുടെ പ്രധാന ആയുധസംഭരണകേന്ദ്രവും പ്രധാന വാണിജ്യ സംഭരണകേന്ദ്രവും ആയിരുന്നു.

ഇന്ത്യയിൽ ബ്രിട്ടീഷ് അധിനിവേശത്തിന് എതിരെ നടന്ന ആദ്യ സായുധ കലാപവും ഇവിടെയായിരുന്നു. 141 ബ്രിട്ടീഷുകാർ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. കോട്ടക്കുള്ളിൽ ഒരു വശത്തായാണ് തുരങ്കമുള്ളത്​.

വളരെയേറെ നിഗൂഢതകൾ ഉള്ള ഈ തുരങ്കം ആവശ്യമായ പഠനങ്ങൾക്കോ ഗവേഷണങ്ങൾക്കോ വിധേയമാക്കാതെ വർഷങ്ങൾക്കുമുമ്പ് തന്നെ ​പ്രവേശനഭാഗം കോൺക്രീറ്റ് കൊണ്ട് അടച്ച നിലയിലാണ്. തുരങ്കം തുറന്നുപരിശോധിക്കുവാനുള്ള നടപടിക്രമങ്ങൾ അറിയുന്നതി​െൻറ ഭാഗമായി തദ്ദേശവാസികൾ പുരാവസ്​തു വകുപ്പ്​ അധികൃതരുമായടക്കം ബന്ധപ്പെട്ടിരുന്നു.

സാമൂഹിക പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ്റെ നേതൃത്വത്തിലാണ്​ തദ്ദേശവാസികൾ ഇതിനായി മുന്നിട്ടിറങ്ങിയത്. കേന്ദ്ര സാംസ്കാരിക മന്ത്രി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടങ്ങിയവർക്കും നിവേദനം നൽകി.

By Divya