തിരുവനന്തപുരം:
മുസ്‍ലിം ലീഗിൽ സമഗ്രഅഴിച്ചു പണിക്ക് കർശന നിർദേശങ്ങൾ വച്ച് യൂത്ത് ലീഗ്. ഒരാൾക്ക് ഒരു പദവിയേ പാടുള്ളുവെന്നും ലോക് സഭയിലും നിയമസഭയിലും മൽസരിക്കാൻ ടേം നിർബന്ധമാക്കണമെന്നും ആവശ്യപ്പെടും. അടുത്ത മാസം മലപ്പുറത്ത് ചേരുന്ന മുസ്ളിം ലീഗ് വർക്കിങ് കമ്മിറ്റി യോഗത്തിൽ നിർദേശങ്ങൾ സമർപ്പിക്കും.
തിരഞ്ഞെടുപ്പ് തോൽവി ലീഗ് നേതൃത്വം ചർച്ച ചെയ്യാത്തതിൽ കോഴിക്കോട് ചേർന്ന യൂത്ത് ലീഗ് പ്രവർത്തക സമിതിയോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ അടിമുടി അഴിച്ചു പണിക്ക് നിർദേശങ്ങൾ തയാറാക്കിയത് പ്രധാനപ്പെട്ടവ ഇവയാണ്.
മുഴുവൻ സമയവും പ്രവർത്തിക്കാൻ കഴിയുന്നവരേയും ഊർജ്‌ജ്വസലരായവരെയും മാത്രമേ നേതൃത്വത്തിൽ നിയമിക്കാവു. മുതിർന്ന അംഗങ്ങളെ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ മുഴുവൻ സമയ പ്രവർത്തനം ആവശ്യമില്ലാത്ത സ്ഥാനങ്ങളിൽ നിയോഗിക്കുക.
ജനപ്രതിനിധികൾ തന്നെ പാർട്ടി ഭാരവാഹിത്വവും വഹിക്കുന്നത് ഒഴിവാക്കി ഒരാൾക്ക് ഒരു പദവി എന്നത് നിർബന്ധമാക്കുക. നിയമസഭയിൽ തുടർച്ചയായി മൂന്ന് തവണയിൽ കൂടുതൽ മൽസരിക്കാൻ അനുവദിക്കരുത്.
ലോക്സഭയിൽ രണ്ട് ടേമും രാജ്യസഭയിൽ ഒരു ടേമും നിർബന്ധമാക്കണം. പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയൽ ബോർഡിൽ കാതലായ മാറ്റം വേണം. ഇതിനായി പരിഗണിക്കേണ്ടവരുടെ പേരടക്കം നിർദ്ദേശിക്കും.
സോഷ്യൽ മീഡിയ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാകണം. പ്രാദേശിക തലങ്ങളിലെ തർക്കങ്ങൾ മുതിർന്ന നേതാക്കൾ നേരിട്ടുപോയി പരിഹരിക്കണം. വാർഡ് കമ്മിറ്റികൾ എത്രയും വേഗം പുന സംഘടിപ്പിക്കണം.
അടുത്തമാസം ഏഴ് എട്ട് തീയതികളിൽ മലപ്പുറത്താണ് മുസ്ളീം ലീഗിന്റ പ്രവർത്തക സമിതി യോഗം. സമഗ്രമാറ്റം വേണമെന്ന ആവശ്യത്തിൽ യൂത്ത് ലീഗ് ഉറച്ചു നിൽക്കും.