Mon. Dec 23rd, 2024
കോട്ടയം:

ചാനല്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനിനെതിരെ എതിരെ നടപടിയെടുക്കണമെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും നടപടി വൈകരുതെന്നും അദ്ദേഹം പറഞ്ഞു.

ജോസഫൈന്റെ പെരുമാറ്റത്തില്‍ തീരെ ആര്‍ദ്രതയും സഹിഷ്ണുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചാനല്‍ പരിപാടിയില്‍ സ്ത്രീയോട് മോശമായി സംസാരിച്ച സംഭവത്തില്‍ എം സി ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചു. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് പ്രകടിപ്പിച്ചത് എന്നായിരുന്നു ജോസഫൈന്‍ പറഞ്ഞത്.

എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടുവെന്നും ആ സഹോദരിക്ക് തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അവരുടെ ശബ്ദം നന്നെ കുറവായിരുന്നതിനാല്‍ എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഘട്ടത്തില്‍ അവരോട് അല്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്താണ് പൊലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണെന്നും ജോസഫൈന്‍ പറഞ്ഞു,”.

By Divya