Mon. Dec 23rd, 2024
ന്യൂഡൽഹി:

കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറഞ്ഞു. പട്ന എയിംസിൽ ട്രയലുകൾ നടക്കുകയാണ്. ഡൽഹി എയിംസ് ട്രയൽ സ്ക്രീനിങ് തുടങ്ങി. രണ്ടിനും 17നും ഇടയിൽ പ്രായമുള്ളവരിലാണു പരീക്ഷണം.

ഫൈസർ വാക്സീനു കൂടി ഇന്ത്യയിൽ അംഗീകാരം കിട്ടിയാൽ അതും കുട്ടികൾക്കു നൽകുമെന്നു ഗുലേറിയ പറഞ്ഞു. കൊവിഡിന്റെ മൂന്നാംഘട്ടം കുട്ടികളെ അധികമായി ബാധിക്കുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എയിംസും ലോകാരോഗ്യസംഘടനയും നടത്തിയ സർവേയിൽ മുതിർന്നവരെ ബാധിക്കുന്ന രീതിയിൽത്തന്നെയാണ് കുട്ടികളെയും കൊവിഡ് ബാധിക്കുന്നതെന്നാണ് കണ്ടെത്തിയിരുന്നത്.

കേസുകളിൽ കുറവ്:

രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത് 6.43 ലക്ഷം പേരാണ്. 82 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറിൽ 50,848 കേസുകൾ റിപ്പോർട്ട് ചെയ്തു. 1,358 മരണം. 68,817 പേർ രോഗമുക്തരായി.

88.09 ലക്ഷം ഡോസ് നൽകി റെക്കോർഡിട്ടതിന്റെ മൂന്നാം ദിവസമായ ഇന്നലെ വൈകിട്ട് വരെ 56.63 ലക്ഷം ഡോസ് വാക്സീൻ വിതരണം ചെയ്തു. രാജ്യത്ത് ആകെ 29  കോടി ഡോസ് ഇതിനകം നൽകി.

വിമാന ടിക്കറ്റിൽ ഇളവ്:

കൊവിഡ് വാക്സീൻ എടുത്തവർക്ക് ഇൻഡിഗോ എയർലൈൻസ്  ടിക്കറ്റ് നിരക്കിൽ 10% ഇളവു പ്രഖ്യാപിച്ചു. അടിസ്ഥാന നിരക്കിലാണ് ഇളവ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയിലുള്ള, ഇന്ത്യയിൽ നിന്ന് ഒരു ഡോസെങ്കിലും വാക്സീൻ സ്വീകരിച്ചവർക്കാകും ആനുകൂല്യം. ചെക്ക് ഇൻ സമയത്തും ബോർഡിങ് ഗേറ്റിലും വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കണം. ആരോഗ്യസേതു ആപ്പിൽ വാക്സിനേഷൻ സ്റ്റേറ്റസ് കാണിച്ചാലും മതി.

By Divya