Fri. Nov 22nd, 2024
കവരത്തി:

രാജ്യദ്രോഹ കേസിൽ യുവ സംവിധായിക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഐഷയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കവരത്തി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇന്നലെ ചോദ്യം ചെയ്തത്.

ഐഷയെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. നേരത്തെ ഹൈക്കോടതി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുൽത്താനയോട് മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാൻ നിർദേശിക്കുകയായിരുന്നു.

ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞതാണ് കേസിനാസ്പദമായ സംഭവം. ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തത്.

ഇന്ന് രാവിലെ 9.45ന് കവരത്തി പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇന്നലെ ഐഷയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ബന്ധുക്കൾ ആശുപത്രിയിലായതിനാൽ കൊച്ചിയിലേക്ക് മടങ്ങണമെന്ന് ഐഷ പോലീസിനോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപിൽ തുടരണോയെന്നുള്ള കാര്യത്തിൽ ഇന്ന് തീരുമാനമറിയിക്കുമെന്ന് പോലീസ് പറഞ്ഞു. ഐഷയുടെ സാമ്പത്തിക ഇടപാടുകളടക്കം ഇന്നലെ പൊലീസ് ചോദിച്ചറിഞ്ഞു.

By Divya