Mon. Dec 23rd, 2024
കവരത്തി:

രാജ്യദ്രോഹ കേസിൽ യുവ സംവിധായിക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന.

നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുൽത്താനയോട് 3 ദിവസം കൂടി ദ്വീപിൽ തുടരാൻ നിർദേശിക്കുകയായിരുന്നു.

ഇതിനിടെ, ഐഷ സുൽത്താനയ്ക്ക് ലക്ഷദ്വീപ് കളക്ടർ അസ്ഗർ അലി താക്കീത് നൽകി. രാജ്യദ്രോഹ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഐഷ സുൽത്താന കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കളക്ടർ പറയുന്നു. പോലീസ് സ്റ്റേഷനിലെത്താൻ മാത്രമാണ് ഐഷയ്ക്ക് അനുമതി നൽകിയത്. ദ്വീപിൽ ഹോംക്വാറന്‍റൈനിൽ തുടരാനാണ് അറിയിച്ചത്.

എന്നാൽ ഐഷ സുൽത്താന പഞ്ചായത്ത് മെമ്പർമാരുടെ യോഗത്തിൽ പങ്കെടുത്തു. കൊവിഡ് രോഗികളുടെ ചികിത്സ കേന്ദ്രങ്ങളിലടക്കം ഐഷയെത്തി. ദ്വീപിലെ പലയിടങ്ങളിലും സന്ദർശനം നടത്തി. ഇത് ആവർത്തിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി കേരളത്തിലെ എംപിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ദ്വീപ് ഭരണകൂടം ഇന്ന് വിശദീകരണം നൽകും.

By Divya