ജിദ്ദ:
സൗദിയിൽ ക്ലബുകൾക്കും അക്കാദമികൾക്കും സ്വകാര്യ ജിമ്മുകൾക്കും ലൈസൻസ് നൽകുന്നതിന് ‘നാഫിസ്’ എന്ന പേരിൽ പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭം. രാജ്യവാസികളുടെ ജീവിതത്തിൻ്റെ ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള പരിപാടിയുടെ പരിധിയിൽപെടുന്നതാണ് ഈ സംരംഭം.
കായിക മേഖലയിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയെ പ്രാപ്തമാക്കുക, പ്രാദേശിക-വിദേശ നിക്ഷേപകർഈ ക്ക് സ്വകാര്യ ക്ലബുകൾ, അക്കാദമികൾ, ജിമ്മുകൾ എന്നിവ സ്ഥാപിക്കാനും വികസിപ്പിക്കാനും അവസരമൊരുക്കുക, ആരോഗ്യകരമായ സമൂഹത്തെ കെട്ടിപ്പടുക്കുക, സമ്പദ്വ്യവസ്ഥയുടെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാനുംകൂടിയാണിത്.
കായികമേഖലയുടെ വികസനത്തിന് പരിധിയില്ലാത്ത പിന്തുണയാണ് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകിവരുന്നതെന്ന് കായികമന്ത്രി വ്യക്തമാക്കി. അതിന് വളരെയധികം നന്ദിയുണ്ട്.
ഈ പിന്തുണയിലൂടെ ധാരാളം നിക്ഷേപ അവസരങ്ങളും ആകർഷകമായ അന്തരീക്ഷവുമുണ്ടായിട്ടുണ്ട്. കായികമേഖലക്ക് വലിയ പ്രചോദനവുമാണ്. കഴിഞ്ഞ കാലങ്ങളിൽ കായികമേഖല മുമ്പൊന്നുമില്ലാത്ത ധാരാളം പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ കായികമേഖലയുടെ വളർച്ചയിൽ 170 ശതമാനം വർദ്ധനയുണ്ടായി.
പതിവായി സ്പോർട്സ് പരിശീലിക്കുന്ന പൗരന്മാരുടെ എണ്ണത്തിൽ 19 ശതമാനം വർദ്ധനയുണ്ടായി. കായികമേഖലയുടെ മൂല്യം 65 ശതകോടി റിയാലിലെത്തി. ഇപ്പോഴിതാ ‘നാഫിസ്’ എന്ന പ്ലാറ്റ്ഫോം ആരംഭിച്ചതിലൂടെ സൗദി കായികമേഖല പുതിയൊരു ഘട്ടത്തെ അഭിമുഖീകരിക്കാൻ പേപോകുന്നു.