Mon. Dec 23rd, 2024
ന്യൂഡൽഹി:

ഏക ലോകം, ഏകാരോഗ്യം എന്ന ലക്ഷ്യത്തിലേക്കു നയിക്കാൻ യോഗയ്ക്കു സാധിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ വിഡിയോകൾ ലഭിക്കുന്ന എം യോഗ ആപ്പ് പ്രധാനമന്ത്രി അവതരിപ്പിച്ചു. മഹാമാരിയുടെ കാലത്ത് ജനങ്ങൾക്ക് ഏറെ ആശ്വാസം പകർന്നതാണു യോഗയെന്നു പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് യോഗ ആന്തരിക ഊർജത്തിന്റെ സ്രോതസ്സായി മാറി. സമ്മർദത്തിൽ നിന്ന് കരുത്തിലേക്കും നിഷേധാത്മകതയിൽ നിന്ന് ക്രിയാത്മകതയിലേക്കും നയിക്കാൻ യോഗയ്ക്കു കഴിഞ്ഞു. യോഗയിൽ നിന്ന് സഹയോഗത്തിലേക്ക് എന്നതാണ് കൊവിഡ് മഹാമാരി ലോകത്തെ പഠിപ്പിച്ചത്.

ശാരീരിക സൗഖ്യത്തിനൊപ്പം മാനസികാരോഗ്യവും ഇക്കാലത്തു പ്രധാനമാണ്. യോഗ അതു നൽകുന്നുവെന്നും മോദി പറഞ്ഞു. ലോകത്തിന് ഭാരതത്തിന്റെ സമ്മാനമാണ് യോഗയെന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു.

യോഗ സൗഖ്യത്തിന് എന്ന മുദ്രാവാക്യവുമായാണു രാജ്യാന്തര യോഗാദിനം രാജ്യമെങ്ങും ആചരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിവിധ കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും വെർച്വൽ പരിപാടികളിൽ പങ്കു ചേർന്നു.

By Divya