Mon. Dec 23rd, 2024
കൊല്ലം:

ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടുകാരും മര്‍ദ്ദിച്ചിരുന്നതായി വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. വിസ്മയയുടെ കൂട്ടുകാരി സഹോദരനോട് പറഞ്ഞതാണ് ഇക്കാര്യമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

‘കിരണിന്റെ മാതാപിതാക്കള്‍ ഈ പെണ്‍കുട്ടിയെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ട്. കിരണിന്റെ സഹോദരി മരണം നടക്കുന്നതിന്റെ തലേദിവസം ആ വീട്ടില്‍ എത്തിച്ചേര്‍ന്നു എന്നും അറിയാന്‍ സാധിച്ചിട്ടുണ്ട്,’ ഷാഹിദ കമാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിസ്മയ മരിക്കുന്നതിന്റെ തലേദിവസം വഴക്കുണ്ടായിരുന്നെന്ന് ഭര്‍ത്താവ് കിരണ്‍ സമ്മതിച്ചു. എന്നാല്‍ അന്ന് മര്‍ദ്ദിച്ചിട്ടില്ലെന്നും കിരണ്‍ പറഞ്ഞു. സ്ത്രീധനമായി ലഭിച്ച കാറിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്നും കിരണ്‍ മൊഴി നല്‍കിയിട്ടുണ്ട്.

‘ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ വാശിപിടിച്ചു. പിറ്റേന്ന് കാലത്ത് പോകാമെന്ന് ഞാന്‍ പറഞ്ഞു,’ കിരണ്‍ പറയുന്നു. ഇതിന് ശേഷം ശുചിമുറിയില്‍ കയറി വിസ്മയ തൂങ്ങുകയായിരുന്നുവെന്നാണ് കിരണിന്റെ മൊഴി. വിസ്മയയെ മുന്‍പ് മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍ സമ്മതിച്ചിട്ടുണ്ട്.

അതേസമയം കിരണിനെതിരെ ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ പോസ്റ്റുമോര്‍ട്ടം ഫലം വന്നതിന് ശേഷം ചുമത്തും.

By Divya