Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കാന്‍ നിര്‍ദ്ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി). ഞായറാഴ്ചയാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച യുജിസിയുടെ കത്ത് ലഭിച്ചത്. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനത്തിന് നന്ദി അറിയിച്ചാണ് ഇതെന്നാണ് കത്തില്‍ പറയുന്നത്.

പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കൊപ്പം ‘എല്ലാവര്‍ക്കും സൌജന്യമായി വാക്സിന്‍, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ക്യാംപെയിന്‍, നന്ദി പിഎം മോദി’ (“Vaccines for all, free for all, world’s largest free vaccination campaign, Thank you, PM Modi) എന്നാണ് എഴുതേണ്ടതെന്ന് നിര്‍ദേശമുണ്ട്. ജൂണ്‍ 21 മുതലാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ എന്നത് നടപ്പിലാക്കിയത്. നേരത്തെ രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പ്രഖ്യാപിച്ചിരുന്നു.

അതേ സമയം ഇത്തരത്തില്‍ വിവിധ പൊതു ഇടങ്ങളില്‍ ബാനര്‍ സ്ഥാപിക്കാന്‍ കേന്ദ്രസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം ഉണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. റെയില്‍വേ വൃത്തങ്ങള്‍ക്ക് ഇത്തരം സന്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

ഡല്‍ഹി യൂണിവേഴ്സിറ്റി യുജിസി നിര്‍ദേശം പാലിച്ച് നോര്‍ത്ത്, സൌത്ത് ക്യാംപസുകളില്‍ നിര്‍ദേശ പ്രകാരമുള്ള ബോര്‍ഡ് സ്ഥാപിക്കുമെന്നാണ് വൈസ് ചാന്‍സിലര്‍ പിസി ജോഷി അറിയിച്ചത്. ദില്ലിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയും ഇത്തരം ഒരു സന്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഇത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നാണ് ഇവര്‍ അറിയിച്ചത്. വിവിധ ഐഐടികള്‍ക്കും യുജിസി നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

By Divya