ടെൽ അവീവ്:
കടുത്ത ഉപരോധത്തിൽ തുടരുന്ന ഗാസ മുനമ്പിൽനിന്ന് ഭാഗികമായി കയറ്റുമതിക്ക് അനുമതി വീണ്ടും നൽകി പുതിയ ഇസ്രായേൽ സർക്കാർ. ഗാസയിൽ ഇസ്രായേൽ ആക്രമണമവസാനിപ്പിച്ച് ഒരു മാസത്തിനു ശേഷമാണ് പ്രധാനമന്ത്രി നാഫ്റ്റലി ബെനറ്റ് നേതൃത്വം നൽകുന്ന സർക്കാർ വസ്തുക്കൾ കയറ്റുമതി ചെയ്യാൻ ഉപാധികളോടെ താത്കാലിക അനുമതി നൽകിയത്.
ഇതോടെ 40 ദിവസത്തിനിടെ ആദ്യമായി 11 ട്രക്ക് വസ്ത്രങ്ങൾ കറം അബൂസാലിം അതിർത്തി കടന്നു. പച്ചക്കറി കയറ്റുമതിക്ക് കഴിഞ്ഞ ഞായറാഴ്ച അനുമതി നൽകിയിരുന്നു. ഗാസയിൽനിന്നുള്ള കത്തുകളുടെ സേവനവും പുനരാരംഭിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് പാസ്പോർട്ടുകളും മറ്റു അനുബന്ധ രേഖകളും രാജ്യത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഈ സേവനങ്ങൾക്ക് അനുമതി നൽകിയെങ്കിലും മറ്റുള്ളവ മുടങ്ങിക്കിടക്കുകയാണ്. അവശ്യ വസ്തുക്കളുടെ ദൗർലഭ്യം കണക്കിലെടുത്ത് പെപ്സി ബോട്ട്ലിങ് പ്ലാന്‍റ് തിങ്കളാഴ്ചയോടെ പ്രവർത്തനം നിർത്തി.
നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിക്ക് ഇനിയും അനുമതി നൽകിയിട്ടില്ല. 60 ദിവസമായി ഇവ മുടങ്ങിക്കിടക്കുകയാണ്. അസംസ്കൃത വസ്തുക്കളായ കാർബൺ ഡൈ ഓക്സൈഡ്, സിറപ് എന്നിവ ലഭിക്കാത്തതാണ് പെപ്സി പൂട്ടാനിടയാക്കിയത്.
മത്സ്യ കയറ്റുമതിക്കും അനുമതി നൽകിയിട്ടില്ല. നേരത്തെ 37 മൈൽ അകലെ വരെ മത്സ്യബന്ധനം അനുവദിച്ചിരുന്നത് 11 കിലോമീറ്ററായി വെട്ടിച്ചുരുക്കിയിട്ടുമുണ്ട്. ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും ചെന്ന് ചികിത്സ തേടുന്ന പലസ്തീനികളുടെ എണ്ണത്തിലും നിയന്ത്രണം വരുത്തിയിട്ടുണ്ട്.
ഈ ഇളവുകൾ ഗാസയിൽ ജീവിതം തിരികെയെത്തിക്കാൻ സഹായിക്കുന്നതല്ലെന്നും തുരുത്തിലേക്കുള്ള രാജ്യാന്തര സഹായവും വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനവും ഇപ്പോഴും ഇസ്രായേൽ മുടക്കുകയാണെന്നും ഹമാസ് നേതാവ് യഹ്യ സിൻവർ പറഞ്ഞു.