Mon. Dec 23rd, 2024
ന്യൂഡൽഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2013-14ലെന്ന പോലെ ഇപ്പോഴും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ സ്നേഹിക്കുന്നുവെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും യു പിയില്‍ ബിജെപിയുടെ പുതിയ ഉപാധ്യക്ഷനുമായ എ കെ ശർമ. ഉത്തര്‍പ്രദേശിലെ ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് ജൂൺ 20ന് എഴുതിയ കത്തിൽ ശര്‍മ പറഞ്ഞതിങ്ങനെ-

“എന്‍റെ അഭിപ്രായത്തിൽ ഉത്തർപ്രദേശിലെ ജനങ്ങൾ മോദിജിയെ 2013-14ലെന്ന പോലെ തന്നെ ഇപ്പോഴും സ്നേഹിക്കുന്നു. വരാനിരിക്കുന്ന യു പി തിരഞ്ഞെടുപ്പിൽ ജയിക്കാന്‍ ആ മാസ് ലീഡറുടെ രക്ഷാകര്‍തൃത്വം മതി.

അതോടൊപ്പം പാർട്ടി അധ്യക്ഷന്‍റെയും മുതിർന്ന നേതാക്കളുടെയും ആശീര്‍വാദവുമുണ്ട്. സാധ്യമായ എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. ഒപ്പം സഹപ്രവർത്തകരെ പരിശ്രമിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും. താങ്കളുടെയും യോഗി ആദിത്യനാഥിന്‍റെയും നേതൃത്വത്തിന് കീഴില്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തും. “- എ കെ ശർമ വ്യക്തമാക്കി

തന്നെ ബിജെപിയുടെ യുപിയിലെ വൈസ് പ്രസിഡന്റായി നിയമിച്ചതിന് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും എ കെ ശർമ നന്ദി പറഞ്ഞു. പാർട്ടി അംഗമെന്ന നിലയിൽ രാജ്യതാത്പര്യത്തിനായി പരമാവധി സംഭാവന ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്നും എ കെ ശർമ കത്തില്‍ പറഞ്ഞു.

By Divya