Thu. May 9th, 2024
തിരുവനന്തപുരം:

ലോക്ക് ഡൗണ്‍ മറവില്‍ കോട്ടയം മുണ്ടക്കയം ബിവറേജ്‌സ് ഔട്ട്‌ലെറ്റില്‍ നിന്ന് വിദേശമദ്യം കടത്തിയ സംഭവത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ ബെവ്‌കോ നടപടി സ്വീകരിച്ചു. ഷോപ്പ് ഇന്‍ ചാര്‍ജ് സൂരജ് സുരേന്ദ്രനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

മദ്യം കടത്തലില്‍ ആരോപണ വിധേയരായ താത്കാലിക ജീവനക്കാരായ ഡോണ്‍ മാത്യു, ശിവജി, സനല്‍ എന്നിവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ഷോപ്പ് അസിസ്റ്റന്റ് വിഷ്ണു അടക്കം മറ്റു രണ്ട് ജീവനക്കാരെയും സ്ഥലം മാറ്റാനുമാണ് കമ്പനി തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

ഔട്ട്ലെറ്റില്‍ വ്യാപക മദ്യക്കടത്ത് നടന്നതായി ആയിരുന്നു കണ്ടെത്തല്‍. ജീവനക്കാരുടെ ഒത്താശയോടെ മദ്യം കടത്തിയെന്ന പരാതിയില്‍ നേരത്തെ ഔട്ട്ലെറ്റ് സീല്‍ ചെയ്തിരുന്നു. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത് സമീപത്തെ റബര്‍ തോട്ടം കേന്ദ്രീകരിച്ച് ജീവനക്കാര്‍ മദ്യം കടത്തുന്നതായി ആരോപണം ഉയര്‍ന്നതോടെയാണ് എക്സൈസ് സംഘം ഔട്ട്ലെറ്റ് സീല്‍ ചെയ്തത്.

മദ്യ വില്‍പന കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കാന്‍ തീരുമാനം ആയതോടെ ബിവറേജസ് കോര്‍പറേഷന്‍ ഓഡിറ്റ് വിഭാഗവും എക്സൈസും സംയുക്തമായി മുണ്ടക്കയം ഔട്ട്ലെറ്റില്‍ പരിശോധന നടത്തി. 10 ലക്ഷം രൂപയുടെ മദ്യമാണ് സ്റ്റോക്കില്‍ കുറവുള്ളത്. 1500 ലിറ്ററോളം മദ്യം കടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ഷോപ്പ് ഇന്‍ ചാര്‍ജ് സൂരജിനെ പ്രതിയാക്കി കോട്ടയം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് കേസ് രജിസ്റ്റര്‍ ചെയ്തു.

By Divya