Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ സാധ്യത. ഈ മാസം 24 ന് നടക്കുന്ന സര്‍വ്വകക്ഷിയോ​ഗത്തില്‍ പ്രധാനമന്ത്രി തീരുമാനം അറിയിച്ചേക്കും. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്നാണ് വിവരം.

2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ആം അനുച്ഛേദം എടുത്ത് കളഞ്ഞത്. ജമ്മുകശ്മീര്‍ പുനഃസംഘടനാ ബില്‍ അവതരണത്തിനിടെ ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുമെന്നായിരുന്നു ലോക്സഭയില്‍ അമിത് ഷാ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സര്‍വ്വകക്ഷി യോഗത്തിൽ പങ്കെടുക്കും. 370-ാം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മുകശ്മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

ജമ്മുകശ്മീര്‍ ലെഫ് ഗവര്‍ണര്‍ മനോജ് സിൻഹ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സര്‍വ്വകക്ഷി യോഗം വിളിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സർവ്വകക്ഷി യോഗത്തെ കോൺഗ്രസും സിപിഎമ്മും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ സർവ്വകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. യോഗം സംബന്ധിച്ച് ടെലിഫോൺ കോൾ ലഭിച്ചിരുന്നു.

പങ്കെടുക്കണോ എന്ന്‌ തീരുമാനിക്കാൻ ഇന്ന് പിഡിപി നേതാക്കളുടെ യോഗം ചേരുമെന്നും അവർ വ്യക്തമാക്കി. സർവകക്ഷി യോഗത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ജമ്മുകശ്മീർ കോൺഗ്രസ് അധ്യക്ഷൻ ജി എ മിറും പറഞ്ഞു.

By Divya