Mon. Dec 23rd, 2024
കോഴിക്കോട്:

മരംകൊള്ളയില്‍ അന്വേഷണം മുറുകുന്നതിനിടെ വനംവകുപ്പില്‍ പൊട്ടിത്തെറി. മരം മുറി നടന്നത് റവന്യൂ ഭൂമിയിലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ട് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍റെ നിവേദനം വനം മന്ത്രി എകെ ശശീന്ദ്രന് കൈമാറി.

കോളിളക്കം സൃഷ്ടിച്ച മരംമുറി കേസില്‍ അന്വേഷണം ശക്തമാകുന്നതിനിടെയാണ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍റെ നിര്‍ണായക ഇടപെടല്‍. കേസുകളും ബാധ്യതകളും വനം ഫീല്‍ഡ് ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ വനം മന്ത്രി എകെ ശശീന്ദ്രന് നിവേദനം സമര്‍പ്പിച്ചു. മന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

വനം കൊള്ള നടന്നിരിക്കുന്നത് റവന്യൂ ഭൂമിയിലാണ് കൂടുതലും. ഈ മരങ്ങള്‍ക്ക് പാസ്സ് കൊടുക്കാനുള്ള ഉത്തരവാദിത്തം മാത്രമാണ് വനം വകുപ്പ് ജീവനക്കാര്‍ക്ക് ഉള്ളത്. എന്നാല്‍ അനുവദിച്ച് പാസ്സില്‍ കൂടുതല്‍ മരം കയറിപ്പോയിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. റവന്യൂ വിഭാഗത്തിന്‍റെ ഉത്തരവാദിത്തമുള്ള തടി നഷ്ടപ്പെട്ടതിന് വനംവകുപ്പ് ജീവനക്കാരെ ബലിയാടാക്കാനുള്ള നീക്കം ചെറുക്കുമെന്ന് നിവേദനത്തില്‍ അസോസിയേഷന്‍ പറയുന്നു.

വനംവകുപ്പ്മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വനം മേധാവിയുടെ പിഴവുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. വനംവകുപ്പിലെ റേഞ്ച് ഓഫീസറിന് താഴെയുള്ള അയ്യായിരത്തോളം വരുന്ന ഫീല്‍ഡ് വിഭാഗം ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

പാസ് നല്‍കാനുള്ള ഉത്തരവാദിത്തത്തിന്‍റെ പേരില്‍ കേസെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അസോസിയേഷന്‍ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു. മരംമുറിച്ചതില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

By Divya