Mon. Dec 23rd, 2024
ചണ്ഡീഗഢ്:

കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. എംഎല്‍എമാരുടെ പ്രവര്‍ത്തന മികവിന്റെയും ത്യാഗത്തിന്റെയും ഒരു സമ്മാനമെന്ന നിലയിലാണ് മക്കള്‍ക്ക് ജോലി നല്‍കിയതെന്നും ആ തീരുമാനത്തിന് രാഷ്ട്രീയ നിറം നല്‍കരുതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

‘രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് ജോലി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കില്ല. അവരുടെ കുടുംബങ്ങള്‍ ചെയ്ത ത്യാഗത്തോട് കാണിക്കുന്ന ചെറിയ രീതിയിലുള്ള പ്രതിഫലമാണിത്. ഈ തീരുമാനത്തിന് ചില ആളുകള്‍ രാഷ്ട്രീയ നിറം നല്‍കുന്നു എന്നത് നാണക്കേടാണ്’, അമരീന്ദര്‍ സിംഗ് പറഞ്ഞു.

എംഎല്‍എമാരായ അര്‍ജുന്‍ പ്രതാപ് സിംഗ് ബാജ്വയുടെയും ഭിഷം പാണ്ഡേയുടെയും മക്കളെ പൊലീസ് ഇന്‍സ്പെക്ടര്‍, നായിബ് തഹസില്‍ദാര്‍ എന്നീ തസ്തികകളില്‍ നിയമിക്കാനുള്ള തീരുമാനം വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഇരുവരുടെയും മുത്തശ്ശന്മാര്‍ ഭീകരവാദികളാല്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനം നല്‍കാന്‍ തീരുമാനിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറും രണ്ട് എംഎല്‍എമാരും രംഗത്തെത്തിയിരുന്നു.

കുല്‍ജിത് നാഗ്രയും അമരീന്ദര്‍ സിംഗ് രാജ വാരിംഗുമാണ് തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍.

By Divya