ടെൽ അവീവ്:
പലസ്തീന് 10 ലക്ഷം ഫൈസർ വാക്സിൻ കൈമാറാമെന്ന വാഗ്ദാനവുമായി ഇസ്രായേൽ. എന്നാൽ, കാലാവധി കഴിയാറായ വാക്സിനുകൾ വേണ്ടെന്ന് പലസ്തീൻ. വളരെ വൈകാതെ കാലാവധി അവസാനിക്കുന്ന വാക്സിനുകളാണ് കൈമാറാമെന്ന് ഇസ്രായേൽ സമ്മതിച്ചത്.
പകരം പുതിയ വാക്സിനുകൾ എത്തുമ്പോൾ നൽകണമെന്നായിരുന്നു കരാർ. തുടക്കത്തിൽ ഇതിന് വഴങ്ങിയ അധികൃതർക്കെതിരെ പലസ്തീനികൾ കൂട്ടമായി രംഗത്തെത്തിയതോടെ കരാറിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
കരാർ പ്രകാരം ആദ്യ ഗഡുവായ 90,000 വാക്സിനുകൾ വെള്ളിയാഴ്ച പലസ്തീൻ അധികൃതർ കൈപ്പറ്റിയപ്പോഴാണ് കാലാവധി കഴിയാറായതെന്ന് മനസ്സിലായത്. കരാറിലെ ചട്ടങ്ങൾ പാലിക്കാത്തതാണ് ഇവയെന്ന് പലസ്തീൻ സർക്കാർ വക്താവ് ഇബ്രാഹിം മൽഹം പറഞ്ഞു. ഇതോടെ കരാർ പിൻവലിക്കാൻ പ്രധാനമന്ത്രി മുഹമ്മദ് ശത്വിയ്യ ആരോഗ്യ മന്ത്രിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
വർഷാവസാനം പലസ്തീന് ലഭിക്കുന്ന വാക്സിനുകൾ പകരമായി നൽകണമെന്ന നിബന്ധനയിലാണ് വെള്ളിയാഴ്ച ഇസ്രായേൽ പ്രഖ്യാപനം നടത്തിയത്.
85 ശതമാനം പേർക്ക് വാക്സിൻ നൽകിയ ഇസ്രായേൽ വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവിടങ്ങളിലെ 45 ലക്ഷം ഫലസ്തീനികൾക്ക് കൈമാറാൻ വിസമ്മതിക്കുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇവയുടെ ഭരണവും സാമ്പത്തിക രംഗവുമുൾപെടെ എല്ലാം നിയന്ത്രിക്കുമ്പോഴാണ് കടുത്ത അനീതി നിറഞ്ഞ സമീപനം.
ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രധാനമന്ത്രി നാഫ്റ്റലി ബെനറ്റിന്റെ ഓഫീസ് കൈമാറ്റ പ്രഖ്യാപനം നടത്തിയത്. ഫൈസർ വാക്സിന്റെ കാലാവധി എന്ന് തീരുമെന്ന് പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നില്ല. അതേ സമയം, സെപ്റ്റംബറോടെ തിരികെ നൽകണമെന്ന് നിർദേശിക്കുന്നുമുണ്ട്.
ഇതുവരെ 2,70,000 ഫലസ്തീനികൾക്കാണ് കോവിഡ് വാക്സിൻ ലഭിച്ചത്. അതേ സമയം, വൈറസ് ബാധിതർ മൂന്നു ലക്ഷവുമാണ്.