പീരുമേട്:
വിവാദ ഉത്തരവിന്റെ മറവിൽ പീരുമേട് താലൂക്കിലെ വിവിധ തോട്ടങ്ങളിൽനിന്ന് വെട്ടിക്കടത്തിയത് 40 കോടിയോളം വിലമതിക്കുന്ന ഈട്ടി, തേക്ക് മരങ്ങൾ. അഞ്ച് തേയില, കാപ്പി തോട്ടങ്ങളിൽനിന്നാണ് വൻ മരങ്ങൾ മുറിച്ചുകടത്തിയത്.
100 വർഷത്തിലധികം പഴക്കമുള്ള ഈട്ടികളാണ് മുറിച്ചുമാറ്റിയത്. വണ്ടിപ്പെരിയാറിലെ ചുരക്കുളം, വാളാർഡി എന്നിവിടങ്ങളിലെ രണ്ട് തോട്ടത്തിൽനിന്നും ചപ്പാത്ത്, കരിന്തരുവി, ആലടി എന്നിവിടങ്ങളിലെ തോട്ടങ്ങളിൽനിന്നുമാണ് മരങ്ങൾ മുറിച്ചത്.
രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ട് സഹായമായതോടെ റിസർവ് ചെയ്ത് നിർത്തിയിരുന്ന ഈട്ടിക്കുമേലും കോടാലി വീണു. വണ്ടിപ്പെരിയാറിൽ സിപിഐ ജില്ല ഭാരവാഹി കരാറെടുത്ത് മരങ്ങൾ മുറിച്ചതോടെ തടസ്സമില്ലാതെ മരങ്ങൾ മില്ലിലെത്തി. ഇതിന് പിന്നാലെ മറ്റുതോട്ടങ്ങളിലും മരംമുറി ആരംഭിച്ചു.
മുറിച്ച മരങ്ങളുടെ കണക്ക് ശേഖരിക്കാൻ റവന്യൂ വകുപ്പ് ഇടുക്കി കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുറിച്ച മരങ്ങളുടെ എണ്ണം, അളവ് തുടങ്ങിയ വിവരങ്ങൾ വില്ലേജുകൾ തിരിച്ച് ശേഖരിച്ച് ഒരാഴ്ചക്കകം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകണം. റവന്യൂ വകുപ്പിന്റെ പരിശോധന പൂർത്തിയാക്കി എണ്ണം തിട്ടപ്പെടുത്തുന്നതോടെ മുറിച്ചുമാറ്റിയ മരങ്ങളുടെ വില കൃത്യമായി ലഭ്യമാകും.